കെജ്‌രിവാളിന് തിരിച്ചടി, കസ്‌റ്റഡി നാലു ദിവസം കൂടി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്‌റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നാല് ദിവസം കൂടി ജയിലിൽ തുടരും. ഏപ്രിൽ ഒന്ന് വരെയാണ് കേജ്‌രിവാളിന്റെ കസ്‌റ്റഡി നീട്ടിയത്. തന്റെ മൗലിക അവകാശങ്ങൾ പോലും ലംഘിച്ചുകൊണ്ടാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്ന് കേജ്‌രിവാൾ ഉന്നയിച്ചെങ്കിലും ഇടപെടാൻ കോടതി തയ്യാറായില്ല. എന്നാൽ ഇക്കാര്യത്തിൽ ഏപ്രിലിൽ വിശദീകരണം നൽകണമെന്ന് കാണിച്ച് എൻഫോഴ്‌സ്‌മെന്റിന് ഡൽഹി കോടതി നോട്ടീസ് നൽകി.

തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്‌രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്‌രിവാള്‍ അറിയിക്കുകയായിരുന്നു. അഭിഭാഷകനെ മറികടന്ന് ഇഡിയോട് കെജ്‌രിവാള്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചു. കെജ്‌രിവാള്‍ കോടതി മുറിയില്‍ ഷോ നടത്തുകയാണെന്ന് ഇഡിയും കുറ്റപ്പെടുത്തി.

കെജ്‌രിവാള്‍ ഷോ കാണിക്കുകയാണെന്നും മുഖ്യമന്ത്രി ആയതിനാല്‍ അല്ല, അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഇ‍ഡി കോടതിയില്‍ പറഞ്ഞു. കോടതിയിൽ കേജ്‌രിവാൾ തന്നെയാണ് തനിക്ക് വേണ്ടി വാദം ഉന്നയിച്ചത്. തന്നെയും പാർട്ടിയേയും തകർക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇഡി പറയുന്ന 100 കോടി ഒരിടത്തു നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും, രാജ്യത്തെ ഒരു കോടതിയും താൻ തെറ്റുകാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും വാദിച്ചു.