Home topnews പ്രധാനമന്ത്രിയുടെ സന്ദർശനം, തലസ്ഥാനത്ത് വൻ സുരക്ഷ , നിയന്ത്രണങ്ങൾ ഇങ്ങനെ

പ്രധാനമന്ത്രിയുടെ സന്ദർശനം, തലസ്ഥാനത്ത് വൻ സുരക്ഷ , നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതോടെ തലസ്ഥാനത്ത് വൻ സുരക്ഷ. സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം, പൊതുസമ്മേളനം നടക്കുന്ന സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങൾ അതീവ സുരക്ഷാമേഖലയായി കണക്കാക്കും. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ഭാഗങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. പ്രധാനമന്ത്രി എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലേക്കുള്ള ബസുകളുടെ പ്രവേശനവും പുറപ്പെടലും നിയന്ത്രിക്കും.

ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതൽ 11 വരെ ഡിപ്പോ പ്രവർത്തിക്കില്ല. ഡിപ്പോയിൽനിന്ന്‌ സർവീസും ഉണ്ടാകില്ല. ബസ് സ്റ്റാൻഡിലെ പാർക്കിങ് തലേദിവസം ഒഴിപ്പിക്കും. തമ്പാനൂരിൽനിന്നുള്ള ബസ് സർവീസുകളെല്ലാം വികാസ് ഭവനിൽനിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ റെയിൽവേ സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളിലേക്കു പോകുന്നതിനും ടിക്കറ്റ് വിൽപ്പനയ്ക്കും നിയന്ത്രണമുണ്ടാകും. നിയന്ത്രണങ്ങൾ സംബന്ധിച്ച് അന്തിമകാര്യങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി നിശ്ചയിക്കും

ശനിയാഴ്ച സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ സിറ്റി പരിധിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ യോഗം ചേർന്നിരുന്നു. സുരക്ഷാ നടപടികളെക്കുറിച്ച് ചർച്ചചെയ്യാനും പോലീസുകാരുടെ അഭിപ്രായംതേടാനുമാണ് യോഗം ചേർന്നത്. പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ കൊച്ചിയിലും തിരുവനന്തപുരത്തും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും.