പ്രധാനമന്ത്രിയുടെ സുരക്ഷാ സ്‌കീം ചോർന്ന സംഭവം , ഡിജിപി റിപ്പോർട്ട് തേടി

തിരുവനന്തപുരം : കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാ സ്‌കീം ചോർന്ന സംഭവത്തിൽ ഡിജിപി റിപ്പോർട്ട് തേടി. വിഷയത്തിൽ ഇൻറലിജൻസ് മേധാവിയോട് അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാന്‍ നിർദ്ദേശം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന്റെ സുരക്ഷ ചുമതല മുഴുവൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) ഏറ്റെടുത്തു. സംസ്ഥാന പോലീസിന്റെ ഭാഗത്ത് തന്നെ സുരക്ഷ വീഴ്ച ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാണിത്.

പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള ക്രമീകരണം ചോർന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടാൻ സാധ്യതയുണ്ട്. ഇതിന് കൃത്യമായ മറുപടി നൽകണമെങ്കിൽ സമഗ്രമായ അന്വേഷണം നടത്തി വീഴ്ച കണ്ടെത്തേണ്ടതുണ്ട്. ഇത് മുന്നിൽ കണ്ടാണ് ഡിജിപി റിപ്പോർട്ട് തേടിയിരിക്കുന്നത്.

രഹസ്യ സ്വഭാവത്തോടെ അയച്ച സന്ദേശം, താഴേത്തട്ടിലേക്ക് വാട്സ്‌ആപ്പ് വഴി അയച്ചപ്പോഴാണ് ചോർന്നതെന്നാണ് നിഗമനം. വിവിഐപി സന്ദർശനത്തിന്റെ ഭാഗമായി പരിപാടി നടക്കുന്ന സ്ഥലങ്ങളിലെ ജില്ലാ പൊലിസ് മേധാവിമാരാണ് സുരക്ഷാ പദ്ധതി തയ്യാറാക്കുന്നത്. വാഹന വ്യൂഹത്തിന്റെ റൂട്ട്, പരിപാടി നടക്കുന്ന സ്ഥലത്തെ സുരക്ഷ, വിഐപി കടന്നു പോകുന്ന കെട്ടിടങ്ങളിലെ പരിശോധന തുടങ്ങിയ സ്കീം തയ്യാറാക്കുന്നത് ജില്ലാ പൊലിസ് മേധാവിയാണ്. ഇതാണ് ചോർന്നിരിക്കുന്നത്.

പുറ്റിങ്ങൽ വെടികെട്ട് അപകടമുണ്ടായപ്പോള്‍ പ്രധാനമന്ത്രി പെട്ടെന്നാണ് കേരളത്തിലേക്കെത്തിയത്. അന്ന് സുരക്ഷാ പദ്ധതി തയ്യാറാക്കി വാട്സ്‌ആപ്പ് വഴി കൈമാറിയിരുന്നു. ഇത് ആവർത്തിക്കരുതെന്ന നിർദ്ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചതിനാൽ പിന്നീടുള്ള വിഐപി സന്ദർശനങ്ങളിൽ അതീവ ജാഗ്രത പുലർത്തിയിരുന്നു. ഈ ജാഗ്രതയാണ് പ്രധാനമന്ത്രിയുടെ സന്തർശനത്തിൽ പാളിയത്.