Home kerala പുക ശമിപ്പിക്കാൻ രാത്രിയും ഊർജിതമായ പ്രവർത്തനം; ശമനമില്ലാതെ കൊച്ചിയിൽ പുക

പുക ശമിപ്പിക്കാൻ രാത്രിയും ഊർജിതമായ പ്രവർത്തനം; ശമനമില്ലാതെ കൊച്ചിയിൽ പുക

കൊച്ചി. തീപിടിത്തത്തെ തുടര്‍ന്ന് ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും ഉയരുന്ന പുക നിയന്ത്രിക്കുവാന്‍ കഴിയുന്നില്ല. രാത്രിയിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് നേരിട്ടെത്തി വിലയിരുത്തി. മാലിന്യം ഇളക്കി അടിയിലെ കനലിലേക്ക് വെള്ളം ഒഴിച്ച് തീ പടരുന്നത് തടയുവനാണ് ശ്രമിക്കുന്നത്. രാത്രി 26 എസ്‌കവേറ്ററുകളും എട്ട് ജെസിബികളുമാണ് മാലിന്യം കുഴിക്കാന്‍ ഉപയോഗച്ചത്.

200 ഓളം അഗ്നിരക്ഷാ സേന അംഗങ്ങളും 50 സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും 35 കോര്‍പ്പറേഷന്‍ ജീവനക്കാരും പോലീസും ചേര്‍ന്നാണ് പുക അണയ്ക്കുവാന്‍ ശ്രമിക്കുന്നത്. നേവിയുടെ 19 ഉദ്യോഗസ്ഥരും ആറ് പേര്‍ ആരോഗ്യവകുപ്പില്‍ നിന്നും മൂന്ന് ആംബുലന്‍സും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നേവി ഹെലിക്കോപ്റ്ററില്‍ ആകാശമാര്‍ഗം വെള്ളം ഒഴിക്കുന്നുണ്ട്. രാത്രി മുഴുവന്‍ മാലിന്യം ഇളക്കണമെന്നാണ് കളക്ടറുടെ നിര്‍ദേശം.

അതേസമയം ഹൈക്കോടതി ഈ വിഷയത്തില്‍ എടുത്ത കേസ് വെള്ളിയാഴ്ചയും പരിഗണിക്കും. ഉച്ചയ്ക്ക് 1.45നാണ് കേസ് പരിഗണിക്കുക. മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ച റിപ്പോര്‍ട്ട് കേസ് പരിഗണിക്കുമ്പോള്‍ കളക്ടര്‍ കോടിതിയില്‍ നല്‍കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനവും ചേര്‍ത്ത് ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ നല്‍കുവാന്‍ തദ്ദേശ സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കി.