ഐ.സി.യു പീഡനം, മുഖ്യമന്ത്രി ഇടപെട്ടിട്ടും നീതി കിട്ടിയില്ല,  അതിജീവിത വീണ്ടും സമരത്തില്‍

കോഴിക്കോട്: ഐ.സി.യു. പീഡനക്കേസിലെ അതിജീവിത വീണ്ടും സമരവുമായി തെരുവില്‍. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് വീണ്ടും സമരംതുടങ്ങിയത്. ഐ.ജി.യുടെ ഉറപ്പും പാഴായതോടെയാണ് അവർ ചൂടിനെ പോലും വകവയ്ക്കാതെ വീണ്ടും സമരത്തിന് ഒരുങ്ങുന്നത്.

ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണറിപ്പോര്‍ട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐ.ജി. കെ. സേതുരാമന്‍ ഇതുവരെ മറുപടിനല്‍കാത്ത സാഹചര്യത്തിലാണ് സമരം പുനരാരംഭിച്ചത്. റിപ്പോര്‍ട്ട് നല്‍കുന്നത് സംബന്ധിച്ച് മൂന്നുദിവസത്തിനകം വിവരം അറിയിക്കാമെന്ന് ഐ.ജി. ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, അഞ്ചുദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും സമരം ആരംഭിച്ചത്.

”മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസില്‍ പോവുമ്പോള്‍ എപ്പോഴും അനുകൂലമായ മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍, അതൊന്നും നടപ്പാക്കുന്നത് കാണുന്നില്ല. റിപ്പോര്‍ട്ട് തരാമെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, അത് വാങ്ങിത്തരുന്നില്ല. അതാണ് പ്രശ്‌നം”- അതിജീവിത പറഞ്ഞു. ആ അന്വേഷണറിപ്പോര്‍ട്ടില്‍ പുറത്തുവരരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടായിരിക്കും. അതെന്റെ കേസിന് ബലമായി തീരുമെന്ന ഭയംകൊണ്ടായിരിക്കും തരാത്തത്. കേസ് അട്ടിമറിക്കാന്‍ ആദ്യംമുതലേ ശ്രമമുണ്ട് എന്നും അതിജീവിത പ്രതികരിച്ചു.