Categories: kerala

ഇന്നയാൾ മലയാളത്തിലെ ഏറ്റവും മികച്ച നടനല്ല, ഏറ്റവും മികച്ച കച്ചവടക്കാരനാണ്, വൈറലാകുന്ന പോസ്റ്റ് ഇങ്ങനെ

ഇന്ന് മോഹൻലാലിന്റെ അറുപതാം ജന്മദിനം ആഘോഷിക്കുമ്പോൾ നിരവധി ആളുകളാണ് ആശംസയുമായി എത്തിയിരിക്കുന്നത്. എന്നാൽ മോഹൻലാലിനെക്കുറിച്ചുള്ള ഒരു വിത്യസ്തമായ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. കിരൺ എന്ന യുവാവ് മോഹൻലിലനെക്കുറിച്ചെഴുതിയോ പോസ്റ്റ് ഇങ്ങനെ

അഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി ടിവിയും അതിലൊരു സിനിമയും കാണുന്നത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോ. അമ്മയുടെ വീട്ടിൽ വെച്ച്. ഗൾഫിൽ നിന്ന് ലീവിന് വന്ന അമ്മാവൻ കിലുക്കത്തിന്റെ വീഡിയോ കാസറ്റ് വി സി ആറിൽ പ്ലേ ചെയ്തതിന്റെ, തമാശകൾ കേട്ട് ഞങ്ങൾ കുട്ടികൾ നിലവിട്ട്‌ ചിരിച്ചതിന്റെ ഓർമ മായാതെയുണ്ട് ഇപ്പോഴും. അന്നാദ്യമായി മോഹൻലാലിനെ സ്ക്രീനിൽ കണ്ടു.

അമ്മയും അമ്മൂമ്മയും മമ്മൂട്ടിയെ, അയാളുടെ കരച്ചിൽ സിനിമകളെ സ്നേഹിക്കുന്നവരായതു കൊണ്ടും, ആറു വയസുകാരന്റെ ഐഡിയൽ മോഡലായിരുന്ന അച്ഛൻ മോഹൻലാൽ ഫാനായതുകൊണ്ടും, കരയുന്നതിനേക്കാൾ ചിരിക്കാനിഷ്ടമുള്ള കുട്ടിക്കാലത്തിന്റെ കൗതുകം എന്നെയൊരു മോഹൻലാൽ ഫാനാക്കി. ചിത്രവും കിലുക്കവും തേന്മാവിൻ കൊമ്പത്തും വന്ദനവും ആവർത്തിച്ചു കാണുന്ന സിനിമകളായി. അമേരിക്കൻ ജംഗ്‌ഷനും സാൾട്ട് മാംഗോ ട്രീയും സിഐഡി രാംദാസും അവർക്കെല്ലാം അയാൾ പകർന്നുനൽകിയ ഹാസ്യത്തിന്റെ മാനവും കണ്ടു ഞാൻ നിർത്താതെ ചിരിച്ചു. അയാളെനിക്ക്‌ എറ്റവും പ്രിയപ്പെട്ട നടനായി.

ആറുവയസ്സുകാരൻ പതിയെ പരിണമിച്ചപ്പോൾ, സിനിമാക്കാഴ്ചകൾ തമാശയല്ലാതായി. ഇഷ്ടങ്ങൾ മിക്കതും റിയലിസ്റ്റിക് പരിസരങ്ങങ്ങളിലേക്ക് പറിച്ചുനട്ടു. ഇഷ്ടമുള്ള നടനൊപ്പം ഇഷ്ടമുള്ള എഴുത്തുകാരുണ്ടായി. എംടിയും ഭരതനും പത്മരാജനും ലോഹിതദാസും രഞ്ജിത്തും ഓരോവട്ടവും കണ്ടെത്തിയ മോഹൻലാലിനെ ഞാൻ ആർത്തിയോടെ പഠിച്ചു. അയാളെന്നെ ഒന്നൊഴിയാതെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു. ചില രംഗങ്ങൾ മനസ്സിൽ നിന്ന് അനന്തരം പറിച്ചു മാറ്റാൻ കഴിയാത്തവണ്ണം വേരുകളും ശാഖകളും പടർന്നുകയറിക്കൊണ്ടേയിരുന്നു.

അതിൽ സേതുമാധവൻ കേശുവിനോട് തനിക്ക് കിരീടവും ചെങ്കോലും നഷ്ടപ്പെട്ട തെരുവിന്റെ കഥ പറയുന്ന, പാതി ചിരിച്ച് പാതി കരഞ്ഞ് ഹൃദയംഭേദിക്കും വിധമൊരു മുഖം തരുന്ന മുഹൂർത്തമുണ്ട്. വിളമ്പിവെച്ച ചോറിനു മുന്നിൽ നിന്നിറങ്ങി പോകുന്ന അപമാനിതനായ ഓട്ടോസുധിയുടെ അപകർഷതാബോധം നിറച്ച ചിരിയുണ്ട്. ഒരു യാത്രപോലും പറയാതെ ജീവിതത്തിൽ നിന്നിറങ്ങിപ്പോയ ക്ലാരയാൽ മനസ്സ് അനാഥമാക്കപ്പെട്ട ജയകൃഷ്ണൻ വിരലുകൾ മുഖത്തടുപ്പിച്ച് നിൽക്കുന്ന ഇന്‍റർവൽ ഫ്രെയിമുണ്ട്. തന്നെ മകനാക്കാൻ മാഗിയോട് ചിരിച്ചുകൊണ്ട്
കെഞ്ചിയ രാജീവ് മേനോനെ കണ്ട് നിലവിട്ട് കരഞ്ഞ നിമിഷങ്ങളുണ്ട്. കണ്ണിലെ ഓരോ അണുവിലും സോഫിയയോടുള്ള പ്രണയം പെയ്തുനിറയുന്ന സോളമനുണ്ട്. വിരലുകൾ കണ്ണിൽ ചേർത്തൊരു ഛായാചിത്രം പോലെ പോലീസ് ജീപ്പിൽ കയറി മാഞ്ഞുപോയ വിഷ്ണുവുണ്ട്.

ഇരുവറിലെ ആനന്ദൻ തന്റെ വീടിനുതാഴെ തടിച്ചുകൂടിയ പുരുഷാരത്തെ കൈവിരൽ കൊണ്ട് തൊടാതെ തൊടുന്ന അനുഭൂതിയുണ്ട്. രണ്ടിലൊരാൾ തീരുന്ന പ്രതികാരത്തിനായി കണ്ണിൽ കനൽ നിറച്ച് കരിമ്പടം പുതച്ച് താഴ്‌വാരത്തിലേക്ക് കടന്നുവന്ന ബാലനുണ്ട്. തനിക്ക് തെരുവു വിളക്കുകൾ എന്നേക്കുമായി നഷ്ടപ്പെടുകയാണെന്നറിഞ്ഞിട്ടും ഫാബിയന്റെ മൃതശരീരത്തിന് മുന്നിൽ ഒരു വിജയിയുടെ ചിരിയോടെ നിന്ന സീസണിലെ ജീവനുണ്ട്. ഏട്ടന്റെ മരണവസ്ത്രങ്ങൾ ആത്മാവിടറി ഏറ്റുവാങ്ങിയൊടുവിൽ കണ്ണുകലങ്ങി കച്ചേരി പാടുന്ന ഗോപിയുണ്ട്. ദേശാടനക്കിളികളിലെ അവസാന ഫ്രെയിമിലും അമൃതംഗമയയിൽ അടിമുടിയും അയാളുടെ മുഖത്ത് മിന്നിമറയുന്ന കുറ്റബോധവും നിസ്സഹായതയും ഉള്ളുപൊള്ളിക്കുന്ന ധർമ്മസങ്കടങ്ങളുമുണ്ട്. ഇനിയൊരു വട്ടം കാണാൻ ത്രാണിയില്ലാത്ത പവിത്രത്തിലെ ചേട്ടച്ഛന്റെ പ്രാണവേദനയുണ്ട്. കാലമതിജീവിച്ച പരകായപ്രവേശമെന്നറിയപ്പെട്ട കമലദളവും കഥകളിയും കർണഭാരവുമുണ്ട്.

പക്ഷേ അതിനിടയ്ക്കെപ്പൊഴോ അയാളിലെ നടന് ദിശാമാറ്റമുണ്ടായി. ആദ്യം ആനന്ദിപ്പിച്ചെങ്കിലും, അയാളൊരു മാർക്കറ്റ് ടൂളായി മാത്രം മാറുന്നുവെന്ന് തോന്നിയപ്പോൾ, പുതിയ സിനിമകൾ കാണാൻ മടിച്ച കാലം വന്നു. ആവേശത്തോടെ കയ്യടിച്ച പഴയ സിനിമകൾ പലതും പിന്നീട് വിമർശിക്കേണ്ടതാണെന്ന തോന്നലുണ്ടായി. കാലാപാനിയും അദ്വൈതവും ആര്യനും മീശപിരിച്ചവന്റെ മാടമ്പിത്തരങ്ങളും ചതിയെന്നും ചരിത്രനിഷേധങ്ങളെന്നും സവർണ്ണതയുടെ ഒളിച്ചുകടത്തലെന്നും വിശ്വസിക്കാൻ കാരണങ്ങളുണ്ടായി. ഒരു ജനത അടിമുടി പൊളിറ്റിക്കലാകേണ്ട കാലത്ത് അയാൾ പ്രസരിപ്പിച്ച രാഷ്ട്രീയബോധ്യങ്ങളിലെ വൈരുദ്ധ്യവും, നടിയുടെ വിഷയത്തിലെ ഇടപെടലുകളും കൂടിയായപ്പോ ആരാധനാബോധ്യങ്ങൾക്ക്‌ മാറ്റം വന്നുതുടങ്ങി. വ്യക്തിയോട് വിയോജിച്ച് നടനെ മാത്രം സ്നേഹിക്കലാണ് ശരിയെന്ന് പഠിച്ചു.

ഇന്നയാൾ മലയാളത്തിലെ എറ്റവും വലിയ മാർക്കറ്റിംഗ് മെറ്റീരിയലാണ്. നിർമാതാവ് മുടക്കിയ പണം വിപണിയിൽ നിന്നും നാലിരട്ടിയായി തിരിച്ചുപിടിക്കാൻ കാലിബറുള്ള എറ്റവും വലിയ ഐക്കണാണ്. നാലിൽ മൂന്നു പടവും സ്വന്തം ബാനറിൽ ചെയ്യുന്ന ഏറ്റവും നല്ല കച്ചവടക്കാരനാണ്. പക്ഷേ ഇറങ്ങുന്ന പടങ്ങൾ പൊട്ടിയാലും നൂറുകോടി കൊയ്ത് നിറഞ്ഞോടിയാലും അയാളിലെ നടൻ കുറേക്കാലമായി കാര്യമായൊന്നും ചെയ്യാനില്ലാതെ തിരശ്ശീലയിൽ ബാക്കിയാണ്.

കരിയറിലെ ആദ്യ പതിനഞ്ച് വർഷം ഓർത്തെടുക്കാൻ നൂറ്റമ്പത് കഥാപാത്രങ്ങൾ തന്ന മലയാളത്തിലെ എണ്ണം പറഞ്ഞ നടന്, അടുത്ത പതിനഞ്ച് വർഷത്തേക്ക് സ്വയം നവീകരിക്കാൻ കിട്ടിയ കഥാപാത്രങ്ങൾ വിരളമാണ്. ഓർമ മരവിച്ച് വർഷങ്ങൾ പലത് പിറകോട്ട് സഞ്ചരിച്ചൊരു കുഞ്ഞായി മരിക്കുന്ന രമേശനും, ഭ്രമരം കണക്കെ ബോധ്യത്തിനും ഭ്രമത്തിനുമിടയിലൂടെ ജീപ്പോടിച്ച ശിവൻകുട്ടിയും, ഈഗോയും മദ്യവും ചേർന്ന് നഷ്ടപ്പെടുത്തിയ ഭൂതകാലത്തെ തിരിച്ചുപിടിക്കാൻ വൃഥാ ശ്രമിക്കുന്ന രഘുനന്ദനും, അടിമുടി റൊമാന്റിക്കായ ഗ്രേസിനെ മരണത്തിലും വിടാതെ പ്രണയിച്ച മാത്യൂസും മാത്രമാണ്. ഉപയോഗപ്പെടുത്തിയതൊരു ബ്ലെസ്സി മാത്രമാണ്. കഴിഞ്ഞ മൂന്നാല് വർഷത്തെ കണക്കെടുത്താൽ, അങ്ങേയറ്റം അദ്ഭുതപ്പെടുത്തിയ പെർഫോർമൻസ് ഒരെണ്ണം പോലുമില്ലെന്ന നിരാശയാണ്. ഒരേ ത്രാസ്സിലിട്ട്‌ ഒരു രീതിയിലും തുലനം ചെയ്യാൻ കഴിയാത്ത, മറ്റൊരു ശൈലിയും മറ്റൊരു ക്ലാസുമുള്ള മമ്മൂട്ടിക്ക് പറയാനൊരു പത്തേമാരിയും പേരൻപുമുണ്ട്. ഹൃദയത്തോട് ചേർത്തുവെക്കാനൊരു സി കെ രാഘവനും എസ് ഐ മണികണ്ഠനുമുണ്ട്‌. തന്നിലെ നടനെ നവീകരിക്കാൻ അയാൾ ആവോളം ശ്രമിക്കുന്നുമുണ്ട്.

ഒരു വലിയ വിഭാഗത്തെ മോഹൻലാലിലേക്ക്‌ അടുപ്പിച്ചത്, സമാനതകളില്ലാത്ത അഭിനയപാടവമാണ്. കച്ചവടസിനിമകൾ സിനിമാ ഇൻഡസ്ട്രിയുടെ നിലനില്പിന്റെ അളവുകോലാണെന്നിരിക്കിലും, അതോടൊപ്പം തന്നിലെ നടനെ തൃപ്തിപ്പെടുത്തേണ്ട വേഷങ്ങൾ കൂടി ചെയ്യാനയാൾ ശ്രമിച്ചാൽ ഇവിടെയിനിയും നല്ല സിനിമകൾ നിറയും. തന്റെ എഴുപതുകളിൽ പികുവും ബ്ലാക്കും പിങ്കും ചെയ്ത അമിതാഭ് ബച്ചന് മലയാളത്തിലൊരു മറുപടിയുണ്ടാകും.

മോഹൻലാലിലെ ആക്ടിംഗ് സ്കിൽ അവസാനിച്ചിട്ടില്ലെന്ന്, ഒപ്പത്തിലെ “എന്നെ ഒഴിവാക്കുകയാണോ എന്ന ഒരൊറ്റ ചോദ്യത്തിൽ ആ മുഖത്ത് തെളിയുന്ന ദൈന്യത തെളിവുതരും.ഭാര്യയുടെ ജീവനെടുക്കുന്ന നിമിഷം മാത്യൂ മാഞ്ഞൂരാൻ നൽകുന്ന അകം മുറിവേൽപ്പിക്കുന്ന ചിരികൾ, അയാൾക്ക് പകരക്കാരില്ലെന്ന് വിളിച്ചുപറയും. ആ മാജിക് പക്ഷേ, മോശം സിനിമകളിലെ ഒന്നോ രണ്ടോ രംഗത്തിൽ ഒതുങ്ങാനുള്ളതല്ല. ഇട്ടിമാണിയും ബിഗ്ബ്രദറും ലോക്പാലും ലൈലയും നൽകിയ പരമദയനീയതയിൽ ഒടുങ്ങിത്തീരാനുള്ളതല്ല. എപ്പോഴും നരസിംഹവും ലൂസിഫറും പുലിമുരുകനും അതിന്റെ അനുകരണങ്ങളും മാത്രം സൃഷ്ടിച്ചഭിരമിക്കാനുള്ളതുമല്ല.

അയാളുടെ അളവുകോൽ സ്വന്തം പെങ്ങൾക്ക് വേശ്യാവൃത്തി നടത്താൻ കൂട്ടുവന്ന അച്ഛനെ കണ്ട സേതുമാധവന്റെ പ്രാണൻ നോവുന്ന പിടച്ചിലാണ്. തട്ടുകടയിലെ ഉഴുന്നുവട കഴിക്കാൻ രാധയെ ക്ഷണിക്കുന്ന രാംദാസിന്റെ കണ്ണിൽ തെളിയുന്ന പ്രണയമാണ്. കുരുന്നുകളെ ഇല്ലാതാക്കുന്ന നേരം സദയത്തിലെ സത്യനാഥന്റെ കാൽനഖം മുതൽ മുടിനാരിഴ വരെ പടർന്നുകയറുന്ന വിഭ്രാന്തിയുടെ തരിപ്പാണ്. ഒരു വിശേഷണത്തിനും ഒരു തൂലികയ്ക്കും പകർത്താൻ കഴിയാത്ത കഥകളിക്കാരൻ കുഞ്ഞുക്കുട്ടനിലേക്കുള്ള പ്രയാണമാണ്. ആ പകർന്നാട്ടങ്ങളെല്ലാം ഇടർച്ചകൾ കൂടാതെ, അളവുകോലുകൾക്ക് താഴെ പോകാതെ അവിരാമം അനുസ്യൂതം അനശ്വരം തുടരേണ്ടതുമാണ്.. ❤️

അതുല്യ നടന് അറുപത് വയസ്സ് ❤️

Karma News Network

Recent Posts

എന്തിനു 34കോടി പിരിച്ചു,പരമാവധി ബ്ളഡ് മണി 1കോടി 15ലക്ഷം മാത്രം

സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ 34 കോടി രൂപയിലധികം പിരിച്ചെടുത്തിട്ട് ഈ തുക എന്ത്…

23 mins ago

അനിലയുടെ മരണം കൊലപാതകം, മുഖം വികൃതമാക്കിയ നിലയില്‍, സുദർശനുമായി ബന്ധമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സഹോദരൻ

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ…

53 mins ago

കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍…

2 hours ago

തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു, രാജ്നാഥ് സിങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ‌ സൃഷ്ടിക്കാനാണ്…

2 hours ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…

3 hours ago

പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കി, മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…

3 hours ago