Home Business പാക്കിസ്ഥാനിൽ നിന്നും കറൻസി എത്തും, വിമാനത്താവളങ്ങളിൽ വൻ ജാഗ്രത, ചെക്ക് പോസ്റ്റുകളിൽ ഐ.ബി നിരീക്ഷണം

പാക്കിസ്ഥാനിൽ നിന്നും കറൻസി എത്തും, വിമാനത്താവളങ്ങളിൽ വൻ ജാഗ്രത, ചെക്ക് പോസ്റ്റുകളിൽ ഐ.ബി നിരീക്ഷണം

പാക്കിസ്ഥാൻ, ദുബൈ കേന്ദ്രീകരിച്ച് വൻ തോതിൽ ഇന്ത്യൻ കറൻസിയും സ്വർണ്ണവും കടത്താനുള്ള പദ്ധതി തകർക്കാൻ വിമാനത്താവളങ്ങളിൽ കേന്ദ്ര കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജൻസ്, ഐ ബി എന്നിവയുടെ ശക്തമായ നിരീക്ഷണം.2000 നോട്ട് നിരോധനത്തിനും മാറ്റി എടുക്കാനുള്ള സമയ പരിധി അവസാനിക്കുന്നതിന്‌ 3 ദിവസം ബാക്കി നില്ക്കേയാണ്‌ നാടകീയമായ നീക്കങ്ങൾ. കറൻസിയുടെ ഒഴുക്ക് തടയുകയും ഇത്തരം നീക്കങ്ങൾ ഇല്ലാതാക്കുകയുമാണ്‌ ലക്ഷ്യം.കേരളത്തിലേക്ക് വൻ തോതിൽ 2000 രൂപ നോട്ട് ശേഖരം എത്തിക്കാൻ വൻ നീക്കം നടക്കുന്നതായും റിപോർട്ട് കിട്ടിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും നോട്ട് മാറാൻ എളുപ്പം കേരളത്തിലാണ്‌.

പഴുതടച്ച് സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുകയാണ്‌. റോഡ് മാർഗം എത്തുന്ന കള്ളകടത്ത് പിടികൂടാൻ കേന്ദ്ര ഏജൻസികളുടെ നിർദ്ദേശവും നിരീക്ഷണവും ചെക്ക് പോസ്റ്റുകളിൽ ഉണ്ട്. ഐ ബിയും കേന്ദ്ര റവന്യൂ ഇന്റലിജൻസും സജീവമായി നിരീക്ഷണം നടത്തുകയാണ്‌.

കേരളത്തിലെ വിമാനത്താവളങ്ങളിൽ കേന്ദ്ര കസ്റ്റംസ് ഉദ്യോഗസ്ഥർ പഴുതടച്ച പരിശോധനകൾ നടത്തിവരികയാണ്‌. കേരളത്തേ ഞെട്ടിച്ച സ്വർണ്ണ കടത്തിന്റെയും കറൻസി കടത്തിന്റെയും വിവരങ്ങൾ കർമ്മ ന്യൂസ് കഴിഞ്ഞ ദിവസമാണ്‌ പുറത്ത് വിട്ടത്.പാക്കിസ്ഥാനിൽ നിന്നും ദുബൈയിൽ നിന്നും വൻ തോതിൽ കറൻസി മഹാരാഷ്ട്രയിൽ എത്തുകയും അവിടെ നിന്നും റോഡ് മാർഗവും മറ്റും കേരളത്തിൽ എത്തുകയുമാണ്‌. മീൻ വണ്ടികളിലായിരുന്നു ഏറ്റവും അധികം കടത്ത് നടന്നത് എന്നും റിപോർട്ട് ചെയ്തിരുന്നു. കറൻസി കടത്തിനും സ്വർണ്ണം കടത്തിനും വിമാനത്തവളങ്ങൾ ഉപയോഗിക്കുന്നതും റിപോർട്ട് ചെയ്തിരുന്നു

ഇപ്പോൾ കേന്ദ്ര ഇന്റലിനസ് ഉദ്യോഗസ്ഥരും കർശനമായ നിരീക്ഷണത്തിലാണ്‌. വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കടുത്ത് നിർദ്ദേശമാണ്‌ നല്കിയിരിക്കുന്നത്. ഇന്നലെ മാത്രം കണ്ണൂരിൽ നിന്നും കോടികളുടെ സ്വർണ്ണം പിടിച്ചു. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോടിയുടെ സ്വർണ്ണവും പിടിക്കൂടിയിരുന്നു.വിമാനത്താവളങ്ങളിൽ പഴുതുകൾ അടച്ചുള്ള പരിശോധനകളാണ് നടക്കുന്നത്. കസ്റ്റംസിന് പുറമെ വിമാനത്താവളങ്ങൾക്ക് പുറത്ത് കേരള പോലീസും പരിശോധനകൾ ഊർജിതമാക്കി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർമാർ നേരിട്ടാണ് പരിശോധനകൾക്ക് നേതൃത്വം നല്കുന്നത്.ആരോപണ വിധേയരായ ഉദ്യോഗസ്ഥൻമാരെ പരിശോധനകളിൽ നിന്നും മാറ്റി നിർത്തിയതായാണ് വിവരം.അതേസമയം സ്വർണ്ണക്കടത്തിന് നേതൃത്വം നല്കുന്നതലശ്ശേരി സ്വദേശി കഴിഞ്ഞ ദിവസം ദുബൈയിൽ എത്തി.

അവിടെ 30 കോടി രൂപയുടെ ജ്വല്ലറി തുടങ്ങാൻ ആണ് ലക്ഷ്യം. സ്വർണ്ണക്കടത്ത് വാർത്ത പുറത്ത് വന്നതോടെയാണ് ഇയാൾ ദുബൈയിലേക്ക് പറന്നത്. അതിനിടെ സ്വർണ്ണക്കടത്തിൻ്റെ മറവിൽ തലശ്ശേരി ചിറക്കര സ്വദേശി നടത്തുന്ന കോടികളുടെ ലൈസൻസ് ഇല്ലാത്ത ചിട്ടിയെ കുറിച്ച് കേന്ദ്ര ഏജൻസികളും, പോലീസും അന്വേഷണം ആരംഭിച്ചു.ജില്ലാ രജിസ്ട്രാഫീസിൽ രജിസ്ട്രർ ചെയ്യാതെയാണ് ഈ ചിട്ടി നടത്തുന്നത് എന്ന കാര്യം വ്യക്തമായി.

എത്ര തുകയുടെ ചിട്ടിയാണോ നടത്തുന്നതെങ്കിൽ ആ തുക രജിസ്ട്രോർ ഓഫീസിൽ കെട്ടിവയ്ക്കണം എന്നാണ് ചട്ടം. എന്നാൽ അതൊന്നും പാലിക്കാതെയാണ് ചിറക്കര സ്വദേശിനസീബ് ഇത്തരത്തിൽ ചിട്ടി നടത്തുന്നത്.ഇതിനെതിരെ രജിസ്ട്രാർ അടുത്ത ദിവസം പരാതി നല്കുമെന്നാണ് അറിയുന്നത്.നഗരത്തിലെ തുണിക്കച്ചവടക്കാർ, മൊത്തവ്യാപാരികൾ, സ്വർണ്ണക്കടക്കാർ എന്നിവരാണ് ചിട്ടിയിൽ ചേർന്നിരിക്കുന്നത്. സ്വർണ്ണക്കടത്ത് വാർത്ത പുറത്ത് വന്നതോടെ ചിട്ടി പൊട്ടുമോ എന്ന ആശങ്കയിലാണ് ഇടപാടുകാർ. ചിലർ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് സംസാരിക്കാമെന്നാണ് മറുപടി.