Home entertainment മരണത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, മരണമെന്ന സുഹൃത്തിനെ കുറിച്ച് എഴുതിയിട്ടുണ്ട്, ജോണ്‍സന്റെ ഓര്‍മ്മയില്‍ മകള്‍ അന്ന്...

മരണത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, മരണമെന്ന സുഹൃത്തിനെ കുറിച്ച് എഴുതിയിട്ടുണ്ട്, ജോണ്‍സന്റെ ഓര്‍മ്മയില്‍ മകള്‍ അന്ന് പറഞ്ഞത്

മലയാള സംഗീത പ്രേമികള്‍ക്ക് ഒരു ഞെട്ടലായിരുന്നു സംഗീതജ്ഞന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പൊടുന്നനെയുള്ള മരണം. അദ്ദേഹത്തെ നഷ്ടമയ വേദന മറികടന്ന് വരുന്നതിനിടെയാണ് മകന്‍ റെന്‍ ബൈക്ക് അപകടത്തില്‍ മരണപ്പെടുന്നത്. രണ്ട് മരണങ്ങളുടെ ഞെട്ടലില്‍ നിന്നും ജീവിതം തിരികെ പിടിച്ച് വരികയായിരുന്നു അമ്മയും മകളും. അതിനിടെയാണ് അമ്മ റാണിയെ തനിച്ചാക്കി മകള്‍ ഷാനും യാത്രയായത്. ജോണ്‍സണ്‍ മാസ്റ്ററുടെ മരണത്തിന് പിന്നാലെ മകള്‍ ഷാന്‍ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത്.

ഷാന്‍ അന്ന് പറഞ്ഞതിങ്ങനെ, തിരക്കുകളില്ലാത്ത സമയത്ത് ഡാഡി കുടുംബത്തിനൊപ്പമുണ്ടാവും. വീട്ടിലെ കാര്യങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം ഒരുമിച്ച് പങ്കുവെക്കും. താനും ഡാഡിയും ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുണ്ട്. മകന്‍ അങ്ങനെ അധികം സംസാരിക്കാത്ത പ്രകൃതമാണ്. ഡാഡിക്കൊപ്പം എല്ലായിടത്തേക്കും പോവാറുണ്ട്. സംഗീതം കഴിഞ്ഞാല്‍ തന്റെ ഡാഡിക്ക് ഏറെ പ്രിയപ്പെട്ടത് ഡ്രൈവിംഗ് ആയിരുന്നു. ചെന്നൈയില്‍ നിന്നും തൃശൂരിലേക്കുള്ള കാര്‍ യാത്രകളില്‍ നിറയെ ഡാഡിയുടെ ഗാനങ്ങള്‍ ആയിരുന്നു കേള്‍ക്കുക. ഡാഡി ഡ്രൈവിംഗ് സീറ്റിലും, ഇടതുവശത്തു മമ്മി. ഞാനും അച്ചുവും പിന്‍സീറ്റില്‍ ആയിരിക്കും യാത്ര. ഡാഡി ഏറ്റവും പുതുതായി ചെയ്ത മ്യൂസിക്ക് ആയിരിക്കും കാറിന്റെ മ്യൂസിക്ക് സിസ്റ്റത്തില്‍. ഡാഡിയുടെ മ്യൂസിക്ക് എത്ര മനോഹരം എന്ന് ചിന്തിച്ചായിരുന്നു തന്റെ ആ യാത്രകള്‍.

സംഗീതം കഴിഞ്ഞാല്‍ ഡാഡിക്ക് പ്രിയം ഡ്രൈവിംഗ് ആയിരുന്നു. രാജഹംസമേ കേട്ടാണ് ആദ്യമായി തന്റെ ഡാഡിയുടെ ഫാന്‍ ആയത്. ആദ്യമായി ഡാഡിയുടെ ഒരുപാട്ട് പഠിച്ചെടുത്തു പാടിയതും ആ ഗാനം ആയിരുന്നു. പക്ഷെ അത് കേള്‍ക്കാനുള്ള ക്ഷമയൊന്നും ഡാഡിക്ക് ഉണ്ടായിരുന്നില്ല. ഡാഡിയുടെ ഓരോ ഗാനങ്ങളും തുടക്കം മുതല്‍ കേട്ടാണ് താന്‍ ആ സംഗീതജ്ഞനെ അടുത്തറിയുന്നത്. കുട്ടി ആയിരുന്നപ്പോള്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ പോയി അവിടെ ഞാന്‍ കുറുമ്പുകള്‍ കാണിക്കുമ്പോള്‍ ഡാഡിയുടെ അസിസ്റ്റന്‍സിനു ചിരി വരും. പക്ഷേ അവര്‍ ചിരിക്കില്ല. കാരണം ഡാഡി നല്ല സ്ട്രിക്ക്റ്റ് ആയിരുന്നു. എന്നാല്‍ എത്രത്തോളം സ്ട്രിക്റ്റ് ആയിരുന്നോ അത്രത്തോളം വാത്സല്യവും ഞങ്ങളോട് വീട്ടില്‍ ഡാഡി കാണിക്കുമായിരുന്നു.

എത്ര തിരക്ക് ആയിരുന്നാലും വീട്ടില്‍ വരാന്‍ ആയിരുന്നു ഡാഡിക്ക് ഇഷ്ടം. ഡാഡി ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് നാഷണല്‍ അവാര്‍ഡ് നേടിയ സമയത്തായിരുന്നു. ഇടയ്ക്ക് ഡാഡിയുടെ മുറിയില്‍ പോയിരിക്കും. അവിടെ ഡാഡിയുടെ പഴയ ഗിറ്റാര്‍, പഴയ സംഗീത ഉപകരണങ്ങള്‍, ലഭിച്ച അവാര്‍ഡുകള്‍ ഒക്കെയും ഉണ്ട്. ഡാഡിയുടെ അവസാന നാളുകളില്‍ ആ ഗിറ്റാറും ഒപ്പമുണ്ടായിരുന്നു അതില്‍ തൊടുമ്പോള്‍ ഡാഡി അടുത്തുള്ള പോലെ തോന്നാറുണ്ട്. ഡാഡി ഒരിക്കലും മരണത്തെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ മരണമെന്ന ഒരു സുഹൃത്തിനെക്കുറിച്ച് ഒരു കഥ എഴുതിയിട്ടുണ്ട്. ട്രെയിനില്‍ നിന്നും ഒരിക്കല്‍ ഡാഡി ട്രാക്കില്‍ വീണിരുന്നു. ആ സംഭവം ഡാഡിക്ക് ഓര്‍മ്മ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ഒരു കഥയെഴുതി. മരണമെന്ന സുഹൃത്തിനെക്കുറിച്ച്. അതില്‍ എന്നെ കൂടി കൊണ്ടുപോകാമോ എന്ന് സുഹൃത്തിനോട് ചോദിക്കുമ്പോള്‍ സമയം ആയില്ല എന്നാണ് സുഹൃത്ത് പറയുന്ന ഭാഗം ഉണ്ട്. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ ആ ഭാഗത്തേക്ക് ഡാഡി പോകാറില്ലായിരുന്നു.