എന്റെ പ്രാണനിൽ ഓരോ തുടുപ്പിലും മോനിഷയുടെ ഓർമ്മകൾ ആണ്. അതാണ് സത്യം- മോനിഷയുടെ അമ്മ

മലയാള സിനിമാ ലോകത്തിന്റെ തീരാ നഷ്ടമായിരുന്നു മോനിഷയുടെ മരണം. നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ് കടന്നു വന്ന മോനിഷ വെറും ആറ് വർഷങ്ങൾ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായത്. നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും.. സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തിൽ മരണം കവർന്നെടുത്തത്. ആ വാർത്ത ഞെട്ടലോടെയായിരുന്നു ആരാധകർ കേട്ടത്.

1992 ൽ ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു.. അപകടത്തിൽ തലച്ചേറിനുണ്ടായ പരിക്ക് മൂലം മോനിഷ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അടുത്തിടെ അമൃത ടീവിയുടെ സൂപ്പർ അമ്മയും മകളും വേദിയിൽ എത്തിയ ശ്രീദേവി മകളെ കുറിച്ച് പറഞ്ഞ വാക്കുകൾ കേൾക്കുന്നവരിൽ വേദന ഉളവാക്കുന്നതാണ്. “എന്റെ പ്രാണനിൽ ഓരോ തുടുപ്പിലും മോനിഷയുടെ ഓർമ്മകൾ ആണ്. അതാണ് സത്യം. ചെറിയ വയസുമുതൽ മോനിഷ ഒരു കലാകാരി ആയിരുന്നു. അവൾ നടക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഒരു കലാകാരി ആണ്, ഡാൻസർ ആണ് എന്നൊക്കെ. അച്ഛനും അമ്മയും എന്ന നിലയ്ക്ക് അവളുടെ എല്ലാ കഴിവുകളും മനസിലാക്കി ആണ് ഞങ്ങൾ പ്രോത്സാഹിപ്പിച്ചത്.

മോനിഷയുടെ പ്രെസൻസ് ശരിക്കും എപ്പോഴും ഒരു ആഘോഷം ആയിരുന്നു. അന്നത്തെ കാലത്ത് ഇന്നത്തെ പോലെ ഉള്ള ഷോകളോ ടീവി പരിപാടികളോ ചാനലുകളോ ഒന്നും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് സ്റ്റേജിൽ വരുന്ന പരിപാടികളും ഞങ്ങളുടെ അസോസിയേഷന്റെ പരിപാടികളും മാത്രമാണ്. പക്ഷെ എന്നും വൈകിട്ട് മോൾ സ്‌കൂൾ വിട്ട് വന്നിട്ട് ഞങ്ങളും ഓഫീസ് ഒക്കെ കഴിഞ്ഞ് വന്നിട്ട് പിന്നെയുള്ള പ്രധാന എന്റർടൈൻമെന്റ് മോനിഷയുടെ പാട്ടും ഡാൻസും അഭിനയവും ഒക്കെ ആയിരുന്നു.

ഒരു മൂന്നുവയസ്സിലൊക്കെ മോനിഷ ഭംഗിയായിട്ട് പാടിയിട്ട് ഒരു കൈകൊട്ടിക്കളി ഒക്കെ മുഴുവൻ ചെയ്യുമായിരുന്നു. കൊഞ്ചിയുള്ള കുട്ടികളുടെ ഭാഷയിൽ തന്നെയാണ്. പക്ഷെ ശ്വാസം മുട്ടിയാലും പാട്ട് നിർത്തില്ല. അന്നത്തെ കാലത്ത് അത് റെക്കോർഡ് ചെയ്യും. എല്ലാ അമ്മമാരോടും ഞാൻ പറയുന്നത് നിങ്ങളുടെ മക്കൾ നിങ്ങളുടെ നിധിയാണ്. കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക. അതൊന്നും കളയാതിരിക്കുക. ഞാൻ ഇതൊക്കെ കണ്ടിട്ട് ഇപ്പോൾ ജീവിതത്തിൽ ആനന്ദിക്കുകയാണ്. ജീവിതം ആഘോഷിക്കുക” എന്നാണ് ശ്രീദേവി ഉണ്ണി സൂപ്പർ അമ്മയും മകളും വേദിയിലെ മത്സരാർത്ഥികളോട് പറഞ്ഞത്.