Home kerala സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ട നടപടി രാഷ്ട്രീയ നാടകമെന്ന് കെ. സുരേന്ദ്രന്‍

സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ട നടപടി രാഷ്ട്രീയ നാടകമെന്ന് കെ. സുരേന്ദ്രന്‍

തെരഞ്ഞെടുപ്പ് പടിവാതിക്കലില്‍ എത്തിനില്‍ക്കേ സോളാര്‍ കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത് രാഷ്ട്രീയ നാടകമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സോളാര്‍ വിവാദമുയര്‍ത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവര്‍ഷം ഭരിച്ചിട്ടും കേസില്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. യു.ഡി.എഫ്- എല്‍.ഡി.എഫ് പരസ്പര സഹകരണത്തിന്റെ പ്രത്യക്ഷ ഉദാഹരമാണ് സോളാര്‍ കേസ് അട്ടിമറിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ആറു കേസുകളാണ് സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാല്‍, അടൂര്‍പ്രകാശ്, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടി എന്നിവരാണ് കേസിലെ ആരോപണവിധേയര്‍.നേരത്തെ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷമാദ്യമാണ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് കത്ത് കൈമാറിയത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ ഈ കത്തില്‍ എന്ത് നടപടി സ്വീകരിക്കും എന്നത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു

2017ലാണ് സോളാര്‍ സംരംഭക കേസിനാസ്പദമായ പീഡന പരാതി നല്‍കിയത്. 2018 ഒക്ടോബറില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തു. പൊലീസ് ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എ.എസ്.പി ജോസി ചെറിയാനു മുന്നില്‍ നേരിട്ടെത്തി ഈ കേസിലും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ തെളിവെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് കേസ് അപ്രതീക്ഷിതമായി സി.ബി.ഐക്ക് വിട്ടത്. അതേസമയം, കേസ് സി.ബി.ഐ ഏറ്റെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.