ജനാധിപത്യവും മതേതരത്വവും തിരഞ്ഞെടുപ്പില്‍ സംരക്ഷിക്കപ്പെടണം,സമദൂരമാണ് എന്‍എസ്എസിന്റെ നിലപാട്, ജി. സുകുമാരന്‍നായര്‍

ചങ്ങനാശ്ശേരി: രാജ്യത്തിന് ഗുണകരമായ ആള്‍ക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനമാണ് എന്‍എസ്എസ് നല്‍കിയിരിക്കുന്നത്, ജനാധിപത്യവും മതേതരത്വവും തിരഞ്ഞെടുപ്പില്‍ സംരക്ഷിക്കപ്പെടണമെന്ന് ജി. സുകുമാരന്‍നായര്‍. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ സമദൂരമാണ് എന്‍എസ്എസിന്റെ നിലപാട്. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് സമുദായാംഗങ്ങള്‍. അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. ഔദ്യോഗിക ആഹ്വാനമൊന്നും എന്‍എസ്എസ് പുറത്തിറക്കിയിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ വോട്ട് ഇത്തവണ കിട്ടുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വോട്ടിങ് ശതമാനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് തോന്നുന്നത്. എന്നാല്‍ ആര് ജയിക്കും എന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.