മണ്ഡലത്തിലെ ഭൂരിഭാഗം ക്രിസ്ത്യൻ വോട്ടുകളും അനിലിന് ലഭിക്കും, തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് കൂപ്പു കുത്തും, പി സി ജോർജ്ജ്

കോട്ടയം: പത്തനംതിട്ടയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി പാർലമെന്റിലേക്ക് എത്തുമെന്ന് പി.സി ജോർജ്. ഈരാറ്റുപേട്ട തെക്കേക്കര ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ ഭൂരിഭാഗം ക്രിസ്ത്യൻ വോട്ടുകളും അനിലിന് ലഭിക്കുമെന്നും പിസി ജോർജ് പറഞ്ഞു. മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഇതിൽ അഞ്ച് ഇടങ്ങളിൽ ശക്തമായ പോരാട്ടമാണ് എൻഡിഎയും ഇടത്-വലത് മു്ന്നണിയും തമ്മിലുള്ളത്.

പത്തനംതിട്ടയിൽ വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് രാവിലെ അനിൽ ആന്റണിയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥികൾക്കെതിരെ വലിയ ജനവികാരമാണുള്ളത്. അതുകൊണ്ട് നാലരലക്ഷം വോട്ടുകളാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അനിൽ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ മികച്ച മുന്നേറ്റമുണ്ടാക്കും. രാജ്യം മുഴുവൻ മോദി അനകൂല തരംഗമാണ്. ഇത് കേരളത്തിലെ ഓരോ മണ്ഡലത്തിലും പ്രതിഫലിക്കുമെന്നും എൻഡിഎ ചരിത്ര വിജയം നേടുമെന്നും അനിൽ കൂട്ടിച്ചേർത്തു.