വടകരയില്‍ പോളിങ് ഇഴഞ്ഞു നീങ്ങുന്നു, നീണ്ട ക്യൂ, ആശങ്ക അറിയിച്ച് കെ.കെ രമ

വടകര : വടകരയില്‍ പോളിങ് ഇഴഞ്ഞു നീങ്ങുന്നു എന്ന് പരാതി. പോളിങ് സമയം പകുതിയോളമെത്തുമ്പോള്‍ 35 ശതമാനം പേര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ കഴിഞ്ഞതെന്ന് വടകര എം.എല്‍.എ കെ.കെ രമ പറഞ്ഞു. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വോട്ടിങ് മെഷീനില്‍ നിന്ന് ബീപ് ശബ്ദം വരാന്‍ സമയമെടുക്കുന്നതുമാണ് ഇതിന് കാരണം.

ബൂത്തുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നും രമ ചോദിച്ചു. ഇതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് പോലും സംശയിക്കുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പണ്‍ വോട്ടുകള്‍ നിര്‍ത്തിവെയ്ക്കാന്‍ കളക്ടര്‍ ഉത്തരവ് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നും രമ ചോദിച്ചു.

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടങ്ങളിലും ചൂട് ശക്തമാണെങ്കിലും ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ എത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് 03.15 വരെ 52.34 ശതമാനം ആണ്. മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരം.

വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.