Home kerala വിദ്യാര്‍ഥിനിയുടെ കണ്ണില്‍ 2.5 സെ.മി നീളമുള്ള വിര; ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു

വിദ്യാര്‍ഥിനിയുടെ കണ്ണില്‍ 2.5 സെ.മി നീളമുള്ള വിര; ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു

കൊല്ലം താലൂക്ക് ആശുപത്രിയില്‍ നേത്രരോഗ ചികിത്സയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ കണ്ണില്‍ നിന്ന് 2.5 സെ.മി നീളമുള്ള വിരയെ പുറത്തെടുത്തു. നേത്രരോഗ വിദഗ്ധ ഡോ. അഞ്ജലിയാണു ശസ്ത്രക്രിയ നടത്തി വിരയെ പുറത്ത് എടുത്തത്.

ഈ മാസം 9നാണ് കണ്ണിലെ ചുവപ്പു നിറം കാരണം 15 വയസ്സുകാരി ചികിത്സയ്ക്കെത്തിയത്. പരിശോധനയില്‍ കണ്‍തടത്തെയും കണ്‍പോളയെയും ബന്ധിപ്പിക്കുന്ന ആവരണമായ കണ്‍ജങ്ടൈവയുടെ ഉള്ളില്‍ വിരയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു.

ഡൈറോഫൈലേറിയ ഇനത്തില്‍പ്പെട്ടതാണു വിരയെന്നു താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാര്‍ അറിയിച്ചു. ചിലതരം കൊതുകുകളാണ് ഇതു പരത്തുന്നത്.

കഴിഞ്ഞ ദിവസം വീട്ടമ്മയുടെ കണ്ണില്‍ നിന്നും വിരയെ പുറത്തെടുത്തിരുന്നു. കണ്ണില്‍ വേദനയും നീരും, വീട്ടമ്മയുടെ കണ്ണില്‍ നിന്നും ലഭിച്ചത് പന്ത്രണ്ട് സെന്റിമീറ്റര്‍ നീളമുള്ള വിര. മുണ്ടക്കയത്തെ ന്യൂവിഷന്‍ കണ്ണാശുപത്രിയിലെ ഡോ. ധ്രുമില്‍. സി. ക്രിഷാരിയയാണ് മുറിഞ്ഞപുഴ, ചെറുവളളികുളം സ്വദേശിയായ വീട്ടമ്മയുടെ ഇടത് കണ്ണില്‍ നിന്നും വിരയെ പുറത്തെടുത്തത്.

ദീര്‍ഘനാളായി കണ്ണില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ കണ്ണിന് നീരും അസഹ്യമായ വേദനയും അനുഭവപെട്ടതിനെ തുടര്‍ന്നാണ് മുണ്ടക്കയത്തെ ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ നടത്തിയ പ്രാഥമീക പരിശോധനയില്‍ തന്നെ വിരയുളളതായി കണ്ടെത്തി. ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയയാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് നടത്തിയ ശസ്ത്രക്രിയയിലാണ് 12 സെന്റീമീറ്റര്‍ നീളമുളള വിരയെ പുറത്തെടുത്തത്.

വേവിക്കാത്ത പച്ചക്കറി ഉള്‍പ്പെടെയുളള ഭക്ഷണത്തിലൂടെയും മറ്റും ലാര്‍വ്വകള്‍ ശരീരത്തിനുളളിലെത്തുന്നതാണ്ചിലരില്‍ വിരയായി മാറുന്നത്. കൂടാതെ ശരീരത്തിലെ മുറിവുകളിലൂടെയും കൊതുകുകളിലൂടെയും ഇതിനു സാധ്യതയേറെയാണന്നും ഡോ. ധ്രുമിള്‍ പറഞ്ഞു. പുറത്തെടുത്ത വിരയെ കൂടുതല്‍ രാസപരിശോനയ്ക്കായി അയച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.