Home kerala നിക്ഷേപത്തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരെ കേസ് എടുത്ത് പോലീസ്

നിക്ഷേപത്തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരെ കേസ് എടുത്ത് പോലീസ്

തിരുവനന്തപുരം. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെതിരെ കേസ്. അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ് കേസിലാണ് നടപടി. സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. തട്ടിപ്പില്‍ ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന പോലീസ് കേസ് എടുത്തിരിക്കുന്നത്.

നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നിക്ഷേപം നടത്തിയ ശാന്തിവിള സ്വദേശിയായ മധുസൂദനനാണ് പരാതി നല്‍കിയത്. ഇയാള്‍ 10 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തിയത്. കേസില്‍ ഒന്നാം പ്രതി ബാങ്ക് പ്രസിഡന്റാണ്. ഇയാള്‍ വിഎസ് ശിവകുമാറിന്റെ ബിനാമിയാണെന്നാണ് ആരോപണം.

സ്ഥാപനത്തിന് കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളില്‍ ശാഖകള്‍ ഉണ്ടായിരുന്നു. ഇവിടെ നിക്ഷേപം നടത്തിയവര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. 300 ലേറെ പേര്‍ക്ക് 13 കോടിയോളം കിട്ടാനുണ്ടെന്നാണ് വിവരം. നിക്ഷേപകര്‍ മുമ്പ് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നല്‍കിയിരുന്നു.