കൊല്ലങ്കോട് പുലി ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലുകള്‍ക്ക് തളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പില്‍ പുലി കമ്പിവേലിയില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച ശേഷമാണ് കമ്പിവേലിയില്‍ നിന്ന് പുലിയെ രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലിയെ ചികിത്സയുടെ ഭാഗമായി നിരീക്ഷിക്കുന്നതിനിടെയാണ് പെട്ടെന്ന് തന്നെ ചത്തത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് നാട്ടുകാരുടെ ഇടയില്‍ ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.