മരം കടപുഴകി വീണ് അപകടം, സ്കൂട്ടർ യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോഴിക്കോട് : മരം കടപുഴകി വീണ് അപകടം. ബൈക്ക് യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കക്കയം-തലയാട് റോഡിലേക്കാണ് മരം വീണത്. പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

റോഡരികിലുണ്ടായിരുന്ന മരം പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. പ്രദേശവാസികൾ നോക്കിനിൽക്കെയായിരുന്നു മരം റോഡിലേക്ക് വീണത്. ഈ സമയം മറുവശത്തുനിന്ന് സ്കൂട്ടറിൽ വരികയായിരുന്ന ലാലി രാജുവിനെ ആളുകൾ ശബ്ദമുണ്ടാക്കി നിർത്തിക്കുകയായിരുന്നു.

പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വാർഡുകൾ സന്ദർശിച്ചു മടങ്ങുന്ന വഴിയായിരുന്നു സംഭവം. വരുന്നവഴി റോഡിന്റെ മറുവശത്തുനിന്ന് ആളുകൾ ശബ്ദമുണ്ടാക്കിയപ്പോൾ വണ്ടി നിർത്തുകയായിരുന്നെന്നും ഉടൻതന്നെ തന്‍റ മുന്നിലേക്ക് മരം പതിക്കുകയായിരുന്നെന്നും ലാലി രാജു പ്രതികരിച്ചു.