ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ , ഉത്രയുടെ കൊലപാതകം പുസ്തകമാക്കി മുൻ ഉത്തരാഖണ്ഡ് ഡിജിപി

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് പുസ്തകമായി വായനക്കാരുടെ മുന്നിലേക്ക്. ”ഫാംഗ്‌സ് ഓഫ് ഡെത്ത്” എ ട്രൂ സ്റ്റോറി ഓഫ് കേരള സ്‌നേക്ക് ബൈറ്റ് മർഡർ എന്ന പേരിലുള്ള പുസ്തകം അമരില്ലീസ് പബ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡ് മുൻ ഡിജിപി അലോക് ലാലും മകൻ മനാസ് ലാലും ചേർന്നാണ് പുസ്‌തകമെഴുതിയത്. ആമസോണിൽ പുസ്തകം ലഭ്യമാണ്. 399 രൂപയാണ് വില. 2020- മെയ് 6-നാണ് കൊല്ലം അഞ്ചലിൽ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.

രാജ്യത്ത് ഇതിന് മുൻപ് രണ്ട് തവണയാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. പൂണെയിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊല്ലപ്പെടുത്താൻ പാമ്പിനെ ഉപയോഗിച്ചെന്നായിരുന്നു കേസ്. നാഗ്പൂരിൽ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ മകൻ തന്നെയാണ് പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊലപാതകം നടത്തിയത്. എന്നാൽ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിചാരണ കോടതികൾ വെറുതെ വിട്ടത് മഹാരാഷ്ട്രാ പൊലീസിന്റെ വീഴ്ചയായാണ് വിലയിരുത്തപ്പെട്ടത്. സമാനവിധി ഉത്രക്കേസിൽ ഉണ്ടായില്ല എന്നത് കേരള പൊലീസിന്റെ നേട്ടമായാണ് വിലയിരുത്തിയത്.

അതേസമയം ഉത്തര കൊലക്കേസിൽ, ഐപിസി 302(കൊലപാതകം), ഐപിസി 307(വധശ്രംം), ഐപിസി 328( വിഷ വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), ഐപിസി 201( തെളിവുനശിപ്പിക്കൽ) എന്നിങ്ങനെ നാല് വകുപ്പുകളിലായി ജീവപര്യന്തം തടവിനാണ് സൂരജിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട കല്ലുവാതുക്കൽ സ്വദേശി സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. പ്രതിയുടെ പ്രായവും കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതുമാണ് സൂരജിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കാരണം. ഉത്രവധക്കേസ് അന്വേഷിച്ച സംഘത്തിലെ 11 പേർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം ലഭിച്ചിരുന്നു.