ഇരുവഴിഞ്ഞി പുഴയിൽ വിദ്യാർത്ഥികൾക്ക് നീർനായയുടെ ആക്രമണം, കടിയേറ്റു

കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്ക് നീർനായയുടെ ആക്രമണം. നോര്‍ത്ത് കാരശ്ശേരി സ്വദേശികളായ വൈ പി ഷറഫുദ്ദീന്‍റെ മകന്‍ മുഹമ്മദ് സിനാന്‍ (12), കൊളോറമ്മല്‍ മുജീബിന്‍റെ മകന്‍ ഷാന്‍ (13) എന്നിവര്‍ക്കാണ് കടിയേറ്റത്. കാരശ്ശേരി പഞ്ചായത് ഓഫിസിനു സമീപത്തെ പാറക്കടവിൽ വെച്ചാണ് കുട്ടികൾക്ക് നീര്നായയായുടെ കടിയേറ്റത്.

പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിന് മുമ്പും ഇവിടെ നീർനായ ആക്രമണം നടന്നിട്ടുണ്ട്. കഴിഞ്ഞ മാസവും നിരവധി പേർക്ക് നീർനായയുടെ ആക്രമണം ഉണ്ടായിരുന്നു. ഇത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

ഇതിന് ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചൂടുകുടുന്നതും മത്സ്യ സമ്പത്ത് കുറയുന്നതുമാണ് നീർനായകളെ ആക്രമണകാരികളാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ഓഗസ്റ്റ് മുതൽ ഡിസംബര്‍ മാസം വരെയാണ് നീര്‍നായ്‌ക്കളുടെ പ്രജനനകാലം.