പ്രായത്തെ തോൽപ്പിച്ച് 105കാരി നൂറ് മീറ്ററിൽ റെക്കോര്‍ഡ് നേട്ടം കൊയ്തു.

നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ 105 വയസ്സുകാരിക്ക് റെക്കോർഡ് നേട്ടം. 45.40 സെക്കന്റുകള്‍ കൊണ്ടാണ് രാംഭായ് മുത്തശ്ശി കായികപ്രേമികളുടെ ഹൃദയത്തിലേയ്ക്ക് ഓടിക്കയറിയത്. 105 കാരി രാംഭായ്. നാഷണല്‍ ഓപ്പണ്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന വേദിയിലാണ് 105 എന്നത് വെറും അക്കം മാത്രമാണെന്ന് ഈ മുത്തശ്ശി ഓടി തെളിയിച്ചിരിക്കുന്നത്.

അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടി ഗുജറാത്തിലെ വഡോദരയിലാണ് നടന്നത്. ഹരിയാന സ്വദേശിയായ ഈ മുത്തശ്ശി 101 വയസ്സുള്ള കൗര്‍ എന്നയാളുടെ 74 സെക്കന്റ്‌സ് എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. 100 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റാരും രാംഭായ് ക്കൊപ്പം മത്സരത്തിന് ഉണ്ടായിരുന്നില്ല. ഒപ്പം മത്സരിച്ചവര്‍ക്കെല്ലാം പ്രായം 85ല്‍ താഴെ മാത്രമായിരുന്നു.

ജൂണ്‍ 15ന് നടന്ന 100 മീറ്റര്‍ ഓട്ടത്തിലും 200 മീറ്ററിലും രാംഭായ് തന്നെയായിരുന്നു മുന്നിലെത്തിയിരുന്നത്. 1 മിനിറ്റ് 52.17 സെക്കന്റ്‌സ് ആയിരുന്നു വേഗത. ചിട്ടയായ പരിശീലനത്തോടൊപ്പം ഭക്ഷണ ക്രമീകരണവും രാംഭായിയെ വിജയത്തിലേക്കെത്തി ക്കുകയായിരുന്നു. ഗോതമ്പ് പൊടിച്ച് നെയ്യും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന ചുര്‍മ എന്ന പലഹാരം, വെണ്ണ, പാല്‍ തുടങ്ങിയവയാണ് രംഭായിയുടെ പ്രധാന ഭക്ഷണങ്ങൾ.

സസ്യാഹാരം മാത്രമേ രാംഭായ് കഴിയ്ക്കൂ, ഒപ്പം 250 ഗ്രാം നെയ്യും 500 ഗ്രാം തൈരും നിത്യവും കഴിക്കും. ദിവസേന രണ്ട് നേരം 500 മില്ലി ലിറ്റര്‍ പാൽ കുടിക്കും. ആട്ട കൊണ്ടുള്ള റൊട്ടി ഇഷ്ടമാണെങ്കിലും അധികം കഴിക്കാറില്ല. ചോറ് വളരെ കുറച്ച് മാത്രം. ഭക്ഷണ നിയന്ത്രണത്തിനൊപ്പം പാടത്ത് പണിയെടുക്കുകയും ദിവസേന 4 കിലോമീറ്ററോളം ഓടുകയും രംഭായ് ചെയ്യാറുണ്ട്.

വാരണാസിയില്‍ വെച്ചായിരുന്നു രാംഭായുടെ ആദ്യത്തെ മത്സരം. കൊച്ചുമകളാണ് മുത്തശ്ശിയെ മത്സരത്തിനായി കൊണ്ടു പോയത്. തുടർന്ന് കര്‍ണ്ണാടക, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം മത്സരത്തിനിറങ്ങി. ഒരു ഡസനിലധികം മെഡലുകളാണ് ചുരുങ്ങിയ കാലയളവില്‍ രാംഭായ് കൈക്കുമ്പിളിലാക്കിയത്. അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ തിളങ്ങുക എന്നതാണ് ഇപ്പോഴുള്ള ലക്ഷ്യം. അതിനായി പാസ്‌പോര്‍ട്ടിന് അപേക്ഷ നൽകാനിരിക്കുകയാണ്. 80 കഴിഞ്ഞതിനാൽ വയസ്സായി എന്ന് പറഞ്ഞ് രാംഭായ് ഒതുങ്ങിക്കൂടാൻ തയ്യാറല്ല. 105 വയസ്സിലും സ്വന്തം കഴിവ് കണ്ടെത്തി അതിനെ പരിപോഷിപ്പിക്കാന്‍ അവർ ശ്രമിക്കുന്നു.