സിനിമ സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമാ, സീരിയല്‍ താരം മേഴത്തൂർ ഹർഷം വീട്ടില്‍ മോഹനകൃഷ്ണൻ (74) അന്തരിച്ചു. തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടില്‍ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്.

സഹ നടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായി.സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരിലൂടെയാണ് നാടക രംഗത്ത് നിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിയത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ‘കാരുണ്യ’ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു.

കായംകുളം കൊച്ചുണ്ണി തുടങ്ങിയ പ്രധാന സീരിയലുകളിലും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കള്‍: ഹരികൃഷ്ണൻ, അപർണ. മരുമക്കള്‍: സമർജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം). സഹോദരങ്ങള്‍: ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്, പരേതനായ ജയപ്രകാശ്.