പേപ്പർ ബാലറ്റിലേക്ക് പോകാൻ കഴിയില്ല, നൂറു ശതമാനം വിവിപാറ്റ് എണ്ണണം എന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: വിവിപാറ്റ് പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി പൂർണമായി തള്ളി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.
ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കും.സാങ്കേതിക കാര്യങ്ങളിൽ കോടതി നിർദ്ദേശം മുന്നോട്ട് വച്ചു.ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്ക്കണം.ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന SLU 45 ദിവസം സൂക്ഷിക്കണം.മൈക്രോ കൺട്രോളർ പരിശോധിക്കണം എന്നയാവശ്യം വോട്ടെണ്ണലിന് ശേഷം ആവശ്യമെങ്കിൽ ഉന്നയിക്കാം.

ഇതിന് 3 എഞ്ചിനീയർമാരുടെ ടീമിനെ ചുമതലപ്പെടുത്തണം.ഇതിനായുള്ള ചെലവ് സ്ഥാനാർത്ഥികൾ വഹിക്കണമെന്നും കോടതി നിർദേശിച്ചു. ഇവിഎമ്മിൽ കൃത്രിമം നടന്നതായി കണ്ടെത്തിയാൽ പണം തിരികെ നൽകണമെന്നും കോടതി പറഞ്ഞു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് വിവിപാറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.

സ്ലിപ്പുകൾ മുഴുവൻ എണ്ണുന്നത് പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. നേരത്തെ വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചു സംശയം ഉയർന്നെന്ന പേരിൽ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കാനോ നിർദേശങ്ങൾ നൽകാനോ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉള്‍പ്പെട്ട ബഞ്ചാണ് വിധി പ്രസ്താവിച്ചത്..ഇലക്ട്രോണിക് വോട്ടിംഗ് മെഷനീകളിലെ കൃത്രിമത്വം നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്‍റെ പേരില്‍ വിവി പാറ്റുകള്‍ എണ്ണാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞിരുന്നു.