ഇരട്ടച്ചങ്കന്റെ മകളെ കെട്ടിയത് വ്യഭിചാരമെന്ന്; മാപ്പ് പറഞ്ഞ് ലീഗ് നേതാവ്‌

കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപത്തിൽ ഒടുവിൽ മാപ്പ് പറഞ്ഞ് ലീ​ഗ് നേതാവ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിയാണ് ഖേദപ്രകടനവുമായി രം​ഗത്ത് എത്തിയത്. ഖേദപ്രകടനം ഇങ്ങനെയായിരുന്നു. വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെയുള്ള പരാമർശം വിവാദമായതായി ശ്രദ്ധയിൽപ്പെട്ടു. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് സൂചിപ്പിച്ചത്. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ലക്ഷ്യം വെച്ചല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അങ്ങനെ സംഭവിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാൻ തന്റേടം വേണമെന്നുമായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമർശം. ”മുൻ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാൻ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ ഉപയോഗിക്കണം”-അബ്ദുറഹിമാൻ കല്ലായി പറഞ്ഞു. സ്വവർഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ എന്നും അദ്ദേഹം ആരോപിച്ചു.

സ്വവർഗരതി നിയമവിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോൾ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്‌ഐ ഇങ്ങനെയായിരുന്നു അദ്ദേഹം നടത്തിയ വിവാദ പരാമർശങ്ങൾ. സോഷ്യൽ മീഡിയയിൽ അടക്കം അദ്ദേഹത്തിന്റെ ആ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ലീ​ഗ് നേതാവിന്റെ ഖേദപ്രകടനം.