
കോട്ടയം: ജെസ്‌നയുടെ പിതാവിന്റെ സ്‌ഥാപനം കരാറെടുത്തു നിര്‍മിക്കുന്ന ഏന്തയാറിലെ വീട്ടിനുള്ളിലെ മണ്ണ് പരിശോധനയ്‌ക്കയച്ചു. അയര്‍ലന്‍ഡില്‍നിന്നുള്ള ഒരു ഫോണ്‍ കോളിന്റെ അടിസ്‌ഥാനത്തിലാണു പരിശോധന. തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ച മണ്ണിന്റെ പരിശോധനാഫലം നാളെ ലഭിച്ചേക്കുമെന്നാണു സൂചന.
ഏന്തയാറിലെ ഒരു സ്‌കൂളിലെ കുട്ടിക്കായുള്ള വീടിന്റെ നിര്‍മാണക്കരാര്‍ ജെസ്‌നയുടെ പിതാവിന്റെ പങ്കാളിത്തത്തിലാണ്. ഈ വീടിന്റെ തറയില്‍ എന്തോ ഒളിപ്പിച്ചിട്ടുണ്ടെന്നും അതു ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടതാണെന്നുമായിരുന്നു ഫോണ്‍ കോള്‍. കഴിഞ്ഞ ഞായറാഴ്‌ച പോലീസ് ഇവിടെ പരിശോധന നടത്തിയെങ്കിലും മൂന്നു ദിവസത്തിനു ശേഷമാണു വിവരം പുറത്തറിഞ്ഞത്.
തെരച്ചിലിലെ പ്രാഥമിക നിഗമനം അന്വേഷണത്തിനു സഹായകമായിരുന്നില്ലെന്നാണ് അറിവ്. അയര്‍ലന്‍ഡില്‍നിന്നു വിളിച്ചയാള്‍ വീണ്ടും അന്വേഷണ സംഘത്തെ ബന്ധപ്പെടുകയും ഈ കെട്ടിടത്തിന്റെ തറ കുഴിച്ച്‌എന്തോ കടത്തിക്കൊണ്ടുപോയെന്ന് പറയുകയും ചെയ്‌തു. ഇതു പൂര്‍ണമായും വിശ്വസിക്കുന്നില്ലെങ്കിലും നിജസ്‌ഥിതി പരിശോധിക്കാനാണു തീരുമാനം. വിവരം നല്‍കിയത് ആരാണെന്നു വെളിപ്പെടുത്തിയിട്ടില്ല.ഏന്തയാറിലെ കെട്ടിടം മെറ്റല്‍ ഡിറ്റക്‌ടര്‍ ഉപയോഗിച്ച് പരിശോധിക്കാനും ആലോചിക്കുന്നു. ഈ കെട്ടിടത്തിന്റെ അടുക്കളഭാഗത്തെ മേല്‍മണ്ണ് ഇളകിയതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ താനാണു മണ്ണിളക്കിയതെന്ന് ഉടമ പോലീസിനെ അറിയിച്ചു.