സബ് ട്രഷറി തട്ടിപ്പ് കേസ്, അക്കൗണ്ടന്റ് വിജയരാജ് പിടിയില്‍

തിരുവനന്തപുരം : കഴക്കൂട്ടം സബ് ട്രഷറിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്‌പെന്‍ഷനിലായിരുന്ന അക്കൗണ്ടന്റ് വിജയരാജ് അറസ്റ്റിൽ. വ്യാജ ചെക്ക് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ അക്കൗണ്ടന്റ് (ട്രഷറര്‍) എം.മുജീബ്, ജൂനിയര്‍ സൂപ്രണ്ട് എന്‍.എസ്.ശാലി, സീനിയര്‍ അക്കൗണ്ടന്റ് ബി.ഗിരീഷ്‌കുമാര്‍, ജൂനിയര്‍ അക്കൗണ്ടന്റ് എന്‍.ഷാജഹാന്‍, എസ്.വി.വിജയരാജ്, ജൂനിയര്‍ സൂപ്രണ്ട് എസ്.എസ്.സുജ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രതികളായ ഉദ്യോഗസ്ഥർ മരിച്ചവരുടെ ഉള്‍പ്പെടെ വിവിധ അക്കൗണ്ടുകളില്‍നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ചാണു തട്ടിപ്പു നടത്തിയതെന്ന് ധനവകുപ്പിലെ പരിശോധനാ സംഘം കണ്ടെത്തിയിരുന്നു. ശ്രീകാര്യം സ്വദേശി എം.മോഹനകുമാരിയില്‍ നിന്നു 2.5 ലക്ഷം വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിയെടുത്തതോടെയാണു സംഭവം പുറത്തറിഞ്ഞത്.

കഴക്കൂട്ടം സബ് ട്രഷറിയില്‍ നിലവിലുള്ള 2 ട്രഷറർമാരിൽ മുഖ്യട്രഷറർ അവധിയിൽ പ്രവേശിക്കുമ്പോഴാണ് ഓഫിസ് ഓർഡർ പ്രകാരം എം.മുജീബ് ചുമതലയേൽക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ 7 ദിവസം ചുമതലയേറ്റെടുത്ത ഇയാള്‍ 15 ലക്ഷത്തിലധികം രൂപയാണ് അനധികൃതമായി പിൻവലിച്ചത്. 3 മുതൽ 5 സെക്കന്‍റ് സമയം കൊണ്ടാണ് ഈ പണമിടപാടുകള്‍ നടത്തിയിരുന്നതെന്നു കണ്ടെത്തി.
അവധിവിവരം മുഖ്യ ട്രഷറർ നേരത്തേതന്നെ മുജീബിനെ അറിയിച്ചിരുന്നു.

ഉടൻ തന്നെ മേലധികാരിയെ തെറ്റിധരിപ്പിച്ച് ട്രഷറർ ഓപ്ഷനുള്ള അനുമതി വാങ്ങിയെടുത്തു. മറ്റൊരു ദിവസം താൻ ഡ്യൂട്ടിക്ക് ഹാജരാകാമെന്നറിയിച്ച മുഖ്യ ട്രഷററെ നിർബന്ധപൂർ‌വം പിന്തിരിപ്പിച്ചു. ചുമതലയേറ്റ ശേഷം മുജീബിന് അനുവദിച്ച ഐപി അധിഷ്ഠിതമായ കംപ്യൂട്ടറിൽ ട്രഷറി ആപ്ലിക്കേഷൻ ലോഗ് ഇന്‍ ചെയ്താണ് തിരിമറി നടത്തിയത്.