പുഴയിൽ ഒഴുകിപ്പോയെന്നു കരുതിയ അമ്മയെ 40 വർഷങ്ങൾക്ക് ശേഷം മക്കൾക്ക് തിരികെ കിട്ടി

കരിമണ്ണൂർ. തഞ്ചാവൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ടു നഷ്ടമായെന്ന് കരുതിയിരുന്ന അമ്മയെ 40 വർഷങ്ങൾക്ക് ശേഷം മക്കൾക്ക് തിരികെ കിട്ടി. ഇടുക്കി കരിമണ്ണൂരിലെ വൃദ്ധസദനത്തിൽ നിന്നാണ് 80 വയസ്സുകാരിയായ അമ്മയെ മക്കൾ കണ്ടെത്തുന്നത്. സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയാണ് അമ്മയും മക്കളും തമ്മിൽ വീണ്ടും കാണാൻ വഴിയൊരുക്കുന്നത്. പുഴയിൽ നഷ്ടമായെന്നാണ് കരുതിയതെന്ന് മകൻ കല്ലൈമൂർത്തി പറയുന്നു.

ഭർത്താവുമായി പിണങ്ങി 40 വർഷം മുൻപ് ചെറുപ്രായത്തിലുള്ള മക്കളെയും വിട്ട് മാരിയമ്മ വീടുവിട്ടിറങ്ങുകയായിരുന്നു. ഇതിനിടയിൽ ഭർത്താവും രണ്ട് മക്കളും മരിച്ചു. ഇതൊന്നും മാരിയമ്മ അറിഞ്ഞിട്ടേയില്ല. മൂന്ന് വർഷം മുൻപ് കരിമണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ മാരിയമ്മയെ പൊലീസാണ് വൃദ്ധസദനത്തിൽ എത്തിക്കുന്നത്.

വൃദ്ധ സദനം അധികൃതർ മാരിയമ്മയോട് വീട്ടുകാരെപ്പറ്റിയുള്ള വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുക യായിരുന്നു. ‘അമ്മ ജീവിച്ചിരിക്കുന്നതായി അറിയുമ്പോൾ മകൻ കല്ലൈമൂർത്തി ക്ക് ആദ്യം വിശ്വസിക്കാനായില്ല. അമ്മയുടെ സഹോദരങ്ങളെയും തന്റെ മക്കളെയും കൂട്ടി കല്ലൈമൂർത്തി ഓടിയെത്തുകയായിരുന്നു.