അച്ഛന് ഒപ്പം സ്‌കൂട്ടറില്‍ മഴ നനഞ്ഞു സ്‌കൂളില്‍ പോയ കാലം, ഇപ്പോഴത്തെ കുട്ടികള്‍ക്ക് എല്ലാം നഷ്ടമാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും ഒക്കെയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ താരം ഏറെ ശ്രദ്ധേയയായി. ബിഗ്‌ബോസ് റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. ഇപ്പോഴിതാ കോവിഡ് മൂലം നഷ്ടമാകുന്ന കുട്ടികളുടെ സ്‌കൂള്‍ കാലത്തെ കുറിച്ച് ആശങ്ക പങ്കുവെച്ചിരിക്കുകയാണ് ആര്യ. താന്‍ ഒക്കെ അനുഭവിച്ച നല്ല കാലങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടമാകുന്നതില്‍ ദുഃഖമുണ്ടെന്നും, ഇനി അതൊക്കെ തിരിച്ചു വരുമോ എന്ന ആശങ്ക ഉണ്ട്.- ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു.

മഴയത്തു എന്നെയും അനിയത്തിയേയും അച്ഛന്‍ സ്‌കൂട്ടറില്‍ സ്‌കൂളില്‍ കൊണ്ട് വിട്ടതൊക്കെ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്. അത്തരം സ്‌കൂള്‍ വൈബുകള്‍ മിസ് ചെയ്യുന്ന കുഞ്ഞുങ്ങളെ ഓര്‍ക്കുമ്‌ബോള്‍ സങ്കടമാണ് എന്നും ആര്യ പറഞ്ഞു.

ആര്യയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ കുഞ്ഞിനെക്കുറിച്ചു ആലോചിക്കുമ്‌ബോള്‍ വല്ലാത്ത സങ്കടം തോന്നാറുണ്ട്. നാലാം ക്ലാസ്സില്‍ പഠിക്കുമ്‌ബോഴാണ് ഞാന്‍ ആദ്യമായി ഒരു സ്റ്റേജില്‍ കയറുന്നത്. എന്റെ കഴിവുകളൊക്കെ ഞാന്‍ തിരിച്ചറിഞ്ഞത് അന്നാണ്. മഴയത്തു എന്നെയും അനിയത്തിയേയും അച്ഛന്‍ സ്‌കൂട്ടറില്‍ സ്‌കൂളില്‍ കൊണ്ട് വിട്ടതൊക്കെ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്. അത്തരം സ്‌കൂള്‍ വൈബുകള്‍ മിസ് ചെയ്യുന്ന കുഞ്ഞുങ്ങളെ ഓര്‍ക്കുമ്‌ബോള്‍ സങ്കടമാണ്.

‘ഇതാണ് സ്‌കൂള്‍, ഞങ്ങളുടെ സമയത്തൊക്കെ ഉണ്ടായിരുന്നതാ’ ഇങ്ങനെയൊക്കെ കുറേ മീമുകള്‍ ഓണ്‍ലൈനില്‍ കാണാറുണ്ട്, ഇനി അതൊക്കെ സത്യമാകുമോ എന്നൊരു ആശങ്ക സത്യം പറഞ്ഞാല്‍ ഉണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകളൊക്കെ കുട്ടികള്‍ക്ക് കുറച്ചു കട്ടിയായിരുന്നു. ക്ലാസുകള്‍, പ്രോജക്ടുകള്‍, പിഡിഎഫില്‍ നിന്ന് നോട്ട് എഴുത്ത് അങ്ങനെ കുറെ. അതുകൊണ്ട് തന്നെ മോളെ നിര്‍ബന്ധിച്ചു ഞാന്‍ ഒന്ന് ചെയ്യിപ്പിക്കാറില്ല. വെക്കേഷന്‍ ആയിട്ടും കുഞ്ഞിനെ പുറത്തൊന്നും കൊണ്ട് പോകാന്‍ പറ്റുന്നില്ല എന്നുള്ളത് വിഷമം തന്നെയാണ്. എന്നാലും റോയ എല്ലാം മനസ്സിലാക്കുന്നുണ്ട്. ഒരു കാര്യത്തിനും അവള്‍ വാശിപിടിക്കാറുമില്ല. ക്രഫ്റ്റുകളും ഡ്രോയിങ്ങുകളും ഒക്കെയായി അവള്‍ അവളുടെ കുഞ്ഞു ലോകത്തില്‍ ബിസി ആണ്. സാങ്കേതിക വിദ്യക്ക് നന്ദി, ഒടിടി പ്ലാറ്റുഫോമുകള്‍ തന്നെയാണിപ്പോള്‍ രക്ഷകര്‍.

നമ്മള്‍ എല്ലാവരും വലിയ സ്‌ട്രെസ്സില്‍ ആണ്. അത് എന്തുവന്നാലും കുട്ടികളുടെ മേലെ എടുക്കില്ല എന്ന് നമ്മള്‍ ഉറപ്പ് വരുത്തണം. ഈ ഓണ്‍ലൈന്‍ സ്‌കൂള്‍ എന്നത് നമുക്കും അവര്‍ക്കും ഒരുപോലെ പുതിയ അനുഭവമാണ്. അവര്‍ അത് തനിയെ പഠിക്കട്ടെ. നമുക്ക് ഗൈഡ് ചെയ്യാം, പക്ഷെ സ്പൂണ്‍ ഫീഡ് ചെയ്യാതെ നോക്കാം’.