ബിഗ് ബോസിൽ ആകെ ഒളിച്ചിരിക്കാനുള്ള സ്ഥലം ബാത്ത്‌റൂമാണ്- ഭാ​ഗ്യലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ഭാഗ്യലകഷ്മി. മലയാള സിനിമയിൽ നിരവധി താരങ്ങൾക്ക് ഭാഗ്യലക്ഷ്മി ശബ്ദം നൽകിയിട്ടുണ്ട്. ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്നു താരം. നടി സുമലതയ്ക്ക് ശബ്ദം നൽകികൊണ്ടാണ് താരം ഡബ്ബിംഗ് രംഗത്തെത്തുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനായ രമേശ് കുമാറിനെയാണ് ഭാഗ്യലക്ഷ്മി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് ആൺ മക്കളുമുണ്ട്. പിന്നീട് ഇവർ വിവാഹമോചനം നേടി. ഭാഗ്യലക്ഷ്മി ബിഗ്‌ബോസിൽ പങ്കെടുക്കവെയാണ് രമേശ് മരിക്കുന്നത്. ഇപ്പോളിതാ ബി​ഗ് ബോസിനെക്കുറിച്ച് പറയുകയാണ് ഭാ​ഗ്യലക്ഷ്മി വാക്കുകളിങ്ങനെ

മലയാളികൾക്ക എന്നെ അത്ര ഇഷ്ടമല്ല. കാരണം സംസാരിക്കുന്ന പെണ്ണിനെ ഇവിടെ ആർക്കും അത്ര ഇഷ്ടമല്ല. ഞാൻ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ആളാണ്. ഞാൻ എന്ത് പറഞ്ഞാലും വന്ന് ചീത്തവിളിക്കുന്ന ആളുകളുണ്ട്. നല്ലത് പറഞ്ഞാലും ചീത്ത പറഞ്ഞാലും ഈ തെറിവിളികൾ ഉണ്ടാകാറുണ്ട്. ഈ ചീത്തവിളിക്കാൻ ആളുകൾക്കുള്ള വലിയ പ്ലാറ്റ്‌ഫോമാണ് സോഷ്യൽ മീഡിയ. ഒരു യൂട്യൂബറെ തല്ലിയ സംഭവത്തിൽ വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങളാണ് നേരിട്ടത്. ആ സമയത്ത് സിനിമയും ഇല്ല. സാമ്പത്തികമായും നല്ല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയത്താണ് ബിഗ് ബോസിൽ പങ്കെടുക്കാനായി ഓഫർ വരുന്നത്. അത് വന്നപ്പോൾ എന്റെ മക്കൾ എന്നോട് പറഞ്ഞത് അമ്മ പോകണ്ട എന്നാണ്. കാരണം മറ്റൊന്നുമല്ല, അമ്മയ്ക്ക് അറിയില്ല ആ ഗെയിം എന്താണെന്ന്. പക്ഷേ ഞാൻ അന്ന് പറഞ്ഞത് എല്ലാവരും കൂടി ഒരു വീട്ടിൽ താമസിക്കുന്നു, അത്രയല്ല ഉള്ളൂ എന്നാണ്. അവിടെയാണ് എനിക്ക് തെറ്റുപറ്റിയത്.

ബിഗ് ബോസ് ഞാൻ വിചാരിച്ചത് പോലെ ഒരു ഗെയിം ആയിരുന്നില്ല. ഞാൻ പൊതുവിൽ അത്ര ഒച്ചയും ബഹളവും ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്ന ആളല്ല. വീട്ടിൽ പോലും അപ്പുറത്തും ഇപ്പുറത്തും ഉള്ളവർ കേൾക്കുമല്ലോ എന്ന് കരുതി പല വഴക്കുകളും നമ്മൾ ഒഴിവാക്കുകയോ ഒച്ച ഉയർത്താതിരിക്കുകയോ ചെയ്യും. ആ ഞാൻ ബിഗ് ബോസിലേയ്ക്ക് ചെന്നപ്പോൾ കാണുന്നത് എങ്ങോട്ട് തിരിഞ്ഞാലും ക്യാമറകളാണ്. അപ്പൊത്തന്നെ എനിക്ക് പേടിയായി നമ്മൾ പറയുന്ന കാര്യങ്ങൾ ഏത് രീതിയിലാകും എഡിറ്റ് ചെയ്ത് സമൂഹത്തിന് മുന്നിലേയ്ക്ക് എത്തിക്കുക എന്നറിയില്ല. പൊതുസമൂഹത്തിലും സമൂഹമാധ്യമത്തിലും എനിക്കെതിരെ വലിയ ചർച്ചകളാണ് നടന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഉറപ്പായിരുന്നു എന്നെക്കുറിച്ച് വളരെ മോശം കാര്യങ്ങളാകും പുറത്തേയ്ക്ക് പോകുക എന്ന്. കാരണം യൂട്യൂബറുടെ വിഷയമൊക്കെ കത്തി നിന്ന സമയം തന്നെയായിരുന്നല്ലോ. ഇതൊക്കെ ആലോചിച്ച് വല്ലാത്ത പേടിയാണ് ഉണ്ടായത്.

ബിഗ് ബോസിൽ നമുക്ക് ഒന്നും ഒളിയ്ക്കാനും മറയ്ക്കാനും സാധിക്കില്ല. കാരണം എല്ലായിടത്തും ക്യാമറയായിരുന്നല്ലോ. അവിടെയാകെയുള്ളത് ടാസ്‌ക്കുകളാണ്. അതാണ് ഒരു എന്റെർടെയിൻമെന്റ്. നമ്മൾ ഈ നിരന്തരം സംസാരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ആളുകളായതുകൊണ്ട് അത് ചെയ്യാതിരിക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നും ബിഗ് ബോസിൽ ആകെ ഒളിച്ചിരിക്കാനുള്ള സ്ഥലം ബാത്ത്‌റൂമാണ്. അതിലും കുറച്ച് സമയം കഴിയുമ്പോൾ ബിഗ് ബോസിന്റെ ശബ്ദം വരും, ഭാഗ്യലക്ഷ്മി എന്ന് പറഞ്ഞ്. അവിടെ നമ്മൾ അധ്വാനിച്ചാൽ മാത്രമേ ഭക്ഷണം പോലും കിട്ടൂ. എല്ലാദിവസവും രാവിലെ എണീക്കുമ്പോൾ എന്റെ ചിന്ത ഇവിടെ എന്താണ് സംഭവിക്കുക എന്നാണ്. ആരൊക്കെ തമ്മിലാണ് ഇന്ന് വഴക്കുണ്ടാകാൻ പോകുന്നത് എന്നൊരു ഭയം എന്നും ഉള്ളിലുണ്ടാകും. അവിടെ നമ്മളെപ്പോഴും ശ്രദ്ധിച്ച് വേണം ഇരിക്കാൻ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.