ബിഹാറിൽ പോലീസിന്റെ നരനായാട്ട്, പ്രതിഷേധമാർച്ചിലേക്ക് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു

പട്ന; ബിഹാറിലെ അദ്ധ്യാപക നിയമനത്തിലെ ക്രമക്കേടിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസിന്റെ ലാത്തിചാർജ്. ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. ബിജെപി ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ സിങാണു മരിച്ചത്. പബ്ലിക് സർവ്വീസ് കമ്മീഷൻ വഴിയുള്ള ഉദ്യോഗാർത്ഥി തിരഞ്ഞെടുപ്പിലെ അഴിമതി, പാലം തകർച്ച തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭയ്‌ക്ക് അകത്തും പുറത്തും ബിജെപി ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയിൽ ബിജെപി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസിന്റെ ആക്രമണം ഉണ്ടായത്.

ഗാന്ധി മൈതാനിൽ നിന്നാരംഭിച്ച മാർച്ച് ഡാക്ബംഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് ലാത്തിചാർജുണ്ടായത്. ബിജെപി പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പോലീസ് പ്രയോഗിച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിജയ് കുമാർ സിങിനെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ബിജെപി പ്രവർത്തകർക്ക് ലാത്തിചാർജിൽ പരുക്കേറ്റു.

സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി നിതീഷ് കുമാറിനാണെ,ന്നും പ്രതിഷേധങ്ങൾ അടിച്ചമർത്തി അഴിമതിയുടെ കോട്ട സംരക്ഷിക്കാനാണ് നിതീഷ് കുമാറും തേജസ്വി യാദവും ശ്രമിക്കുന്നതെന്ന് ബിഹാറിൽ നിന്നുള്ള രാജ്യസഭാ അംഗം സുശീൽ മോദി പ്രതികരിച്ചു. ലാത്തിചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടതിനു പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പരാജയവും കഴിവുകേടും മറച്ചുവെക്കാനാണ് ബിഹാറിൽ ബിജെപി പ്രവർത്തകരെ പോലീസ് ക്രൂരമായി നേരിട്ടതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ട്വീറ്റ് ചെയ്തു. ബംഗാളിലും ബിഹാറിലും ജനാധിപത്യം കശാപ്പ് ചെയ്തുകൊണ്ടുള്ള സർക്കാർ സ്‌പോൺസേർഡ് സംഘർഷങ്ങൾക്ക് നേരെ രാജ്യത്തെ മറ്റ് പ്രതിപക്ഷ കക്ഷികൾ കണ്ണടക്കുകയാണെന്നും ബിജെപി പറഞ്ഞു.