കാഴ്ചയില്ല, മോഷ്ടിച്ച ആ ലാപ്‌ടോപ്പ് തിരികെ തന്നുകൂടെ, അപേക്ഷയുമായി ഗവേഷക വിദ്യാര്‍ത്ഥി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയായ സി.എസ്.സായൂജ്യയ്ക്കു തന്റെ ലാപ്‌ടോപ് വെറും ഒരു പഠനോപകരണം മാത്രമായിരുന്നില്ല മറിച്ച് ഒരു വഴികാട്ടി കൂടിയായിരുന്നു. കാഴ്ചയില്ലാത്ത സായൂജ്യയുടെ സമ്പാദ്യമായിരുന്നു അത്. ബിരുദകാലം മുതല്‍ സായൂജ്യയുടെ പഠന കുറിപ്പുകളും മറ്റും അതിലായിരുന്നു. എന്നാല്‍ നവംബര്‍ മൂന്നിന് ആ ലാപ്‌ടോപ്പ് മോഷണം പോയി. സുഹൃത്തുക്കള്‍ക്ക് ഒപ്പം ബീച്ചില്‍ കാറില്‍ എത്തിയപ്പോഴാണ് ലാപ്‌ടോപ് മോഷ്ടിക്കപ്പെട്ടത്.

പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പുമില്ല. ലാപ്‌ടോപ് നഷ്ടമായതോടെ സായൂജ്യയുടെ ഗവേഷണവും പഠനവുമെല്ലാം മുടങ്ങിയിരിക്കുകയാണ്. സ്‌ക്രീന്‍ റീഡര്‍ ഉള്‍പ്പെടെ കാഴ്ചാശക്തിയില്ലാത്തവര്‍ക്കുള്ള സോഫ്‌റ്റ്വെയറുകളും പഠന കുറിപ്പുകളും എല്ലാം അടങ്ങിയതാണ് ലാപ്‌ടോപ്പ്. ലാപ്‌ടോപ് നഷ്ടപ്പെട്ടതോടെയാണ് ശരിക്കും തനിക്ക് കാഴ്ച നഷ്ടപ്പെട്ടതായി തോന്നുന്നതെന്ന് സായൂജ്യ പറയുന്നു.

നവംബര്‍ മൂന്നിനാണ് സുഹൃത്തുക്കള്‍ക്ക് ഒപ്പം സായൂജ്യ കോഴിക്കോട് ബീച്ചില്‍ എത്തിയത്. ഇവിടെ ആകാശവാണിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പിന്‍സീറ്റില്‍ വെച്ചിരുന്ന ലാപ്‌ടോപ് ബാഗ് അടക്കം ആരോ മോഷ്ടിക്കുകയായിരുന്നു. ബാഗില്‍ ബ്രെയിന്‍ ബോര്‍ഡ്, സ്റ്റേലസ്, വൈറ്റ് കീ എന്നീ ഉപകരണങ്ങളുമുണ്ടായിരുന്നു. തിരികെ സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ബാഗ് മോഷണം പോയ വിവരം അറിയുന്നത്. തുടക്കത്തില്‍ തേഞ്ഞിപ്പാലം പോലീസില്‍ പരാതി നല്‍കി എന്നാല്‍ സംഭവം നടന്നത് കോഴിക്കോട് വെച്ച് ആയതിനാല്‍ പരാതി അവിടെ നല്‍കാന്‍ നിര്‍ദേശിച്ചു. തിരികെ കോഴിക്കോട് എത്തി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

തൃശൂര്‍ എടമുട്ടം സ്വദേശിയാണ് സായൂജ്യ. കഴിഞ്ഞ വര്‍ഷമാണ് കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വകുപ്പില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നത്. ഇതിന് തൊട്ടുമുമ്പാണ് ലാപ്‌ടോപ് വാങ്ങിയത്. എച്ച്പി കമ്പനിയുടെ ലാപ്‌ടോപ്പാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പഴയ ലാപ്‌ടോപ് വ്യാപാരം നടത്തുന്ന ആര്‍ക്കോ അതു വിറ്റു എന്നാണ് സായൂജ്യയുടെ സംശയം. ആര്‍ക്കെങ്കിലും അത്തരം ഒരു ലാപ്‌ടോപ് ലഭിക്കുകയാണെങ്കില്‍ തന്നെ ഏല്‍പിക്കണം എന്നാണ് അഭ്യര്‍ഥന. വ്യാപാരികള്‍ക്കു ചെലവായ പണം നല്‍കാന്‍ തയാറാണെന്നും സായൂജ്യ പറയുന്നു. പുതിയ ലാപ്‌ടോപ് കിട്ടിയതുകൊണ്ടായില്ലെന്നും പഴയതില്‍ ഉണ്ടായിരുന്ന പഠനസാമഗ്രികള്‍ വീണ്ടും ലഭിച്ചില്ലെങ്കില്‍ വലിയ നഷ്ടമാണെന്നും സായൂജ്യ പറയുന്നു.