ഭാരതപ്പുഴയിൽ പോത്തുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, പ്രദേശത്ത് ആശങ്ക

പാലക്കാട്: ഭാരതപ്പുഴയിൽ പോത്തുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഏഴ് ജഡങ്ങളാണ് ഇതുവരെ പാവറട്ടി കുടിവെള്ള സംഭരണിയിൽ നിന്നും കണ്ടെത്തിയത്. ജനങ്ങളെല്ലാം പരിഭ്രാന്തിയിലാണ്.

പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയിൽ കന്നുകാലികളുടെ ജഡം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുമാണ് ജഡങ്ങൾ. ഇവിടെ നിന്നും കുടിവെള്ള വിതരണം നിർത്തി വെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഭാരതപ്പുഴയുടെ തീരങ്ങളിൽ കന്നുകാലികളെ മേയാൻ വിടുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ മഴയിൽ ജലനിരപ്പ് കൂടുമ്പോൾ പുഴയുടെ മധ്യഭാഗങ്ങളിൽ ഇവ കുടുങ്ങി പോകുന്ന സ്ഥിതി ഇതിന് മുമ്പുമുണ്ടായിട്ടുണ്ട്. മേയാൻ വിടരുതെന്ന് പ്രാദേശികഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇത് അധികമാരും ഗൗനിക്കാറില്ല. ഇത്തരത്തിൽ ഒഴുക്കിൽപെട്ടുപോയ കന്നുകാലികളുടെ ജഡമാണ് കരയ്‌ക്കടിഞ്ഞതെന്നാണ് നിഗമനം.