കിഫ്ബിയെ തകര്‍ക്കാനുള്ള ആരാച്ചാര്‍ പണിയാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി

കിഫ്ബിയെ തകര്‍ക്കാനുള്ള ആരാച്ചാര്‍ പണിയാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ പറഞ്ഞു. കിഫ്ബിയിലൂടെയുള്ള നേട്ടം സ്വന്തം നേട്ടമായി എല്ലാം ജനപ്രതിനിധികളും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കേരളത്തിന്റെ ആതിജീവന ശ്രമങ്ങളെ തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വാതില്‍ തുറന്നു നല്‍കിയത് പ്രതിപക്ഷമാണ്. പണം ഇല്ലാത്തതിനാല്‍ നാടിന്റെ വികസനം മുടങ്ങരുതെന്നാണ് സര്‍ക്കാര്‍ തീരുനിച്ചതെന്നും അതിനാണ് കിഫ്ബിയെ പരിഷ്‌കരിച്ച് നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദായ നികുതി വകുപ്പിന്റെ കിഫ്ബി റെയ്ഡ് സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കടന്നുകയറ്റമാണ്. നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ കാര്യം നടക്കരുത് എന്നാണ് യുഡിഎഫും ബിജെപിയും കരുതുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണം, വിഷു – ഈസ്റ്റര്‍ ഫലവ്യഞ്ജന – ധാന്യ വിതരണം, ക്ഷേമപെന്‍ഷന്‍ വിതരണം എന്നിവ കാലങ്ങളായി നടന്നു വരുന്നതാണ്.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് തടയുന്നതെന്തിനാണെന്ന് ചോദിച്ച അദ്ദേഹം പ്രതിപക്ഷ നേതാവ് ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണെന്നും ആരോപിച്ചു. അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതിയുടെ കാലം അവസാനിച്ചു. ഇതിനായി ഫലപ്രദമായ നടപടി എല്‍ഡിഎഫ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.