ഹോട്ടലിലെ സാമ്പാറിൽ ചത്ത എലി, പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കുക

അഹ്‌മദാബാദ് : അടുത്തിടെയായി പുറത്തു നിന്നും ഓൺലൈനിൽ ഓർഡർ ചെയ്തും കിട്ടുന്ന ഭക്ഷണങ്ങളിൽ നിന്ന് ജീവികളെയും മനുഷ്യന്റെ വിരൽ അടക്കമുള്ളവ കണ്ടെത്തിയ വാർത്താകളാണ് പുറത്തു വരുന്നത്. സമാനമായ മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. അഹമ്മദാബാദിലെ ജനപ്രിയ ഭക്ഷണ ശാലയിൽ വിളമ്പിയ സാമ്പാറിൽ നിന്ന് ലഭിച്ച ചത്ത എലിയാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.

നിക്കോളിലെ ദേവി ദോസ റെസ്റ്റോറൻ്റിൽ നിന്നാണ് ചത്ത എലിയെ ലഭിച്ചതെന്ന് ഉപഭോക്താവ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. ഉപഭോക്താവ് പങ്കുവച്ച ദൃശ്യത്തിൽ സാമ്പാറിൽ ചത്ത എലി കിടക്കുന്നത് വ്യക്തമാണ് . തുടർന്ന് അംദവാദ് മുനിസിപ്പൽ കോർപ്പറേഷനെ (എഎംസി) വിവരമറിയിക്കുകയും ചെയ്തതായി ഉപഭോക്താവ് പറഞ്ഞു.

അതേസമയം, ഐസ് ക്രീമിൽ മനുഷ്യ വിരലും പഴുതാരയും കണ്ടുകിട്ടിയതും ചിപ്സ് പാക്കറ്റിൽ ചത്ത തവളയെ കണ്ടുകിട്ടിയതുമായ സംഭവങ്ങൾ അടുത്തിടെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ആമസോൺ ബോക്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതും വലിയ വാർത്തയായിരുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ ഈ വാർത്ത കൂടി പുറത്തു വന്നത്.