ഷൂട്ടിംഗ് അവസാനിക്കാന്‍ രണ്ട് ദിവസം, സെറ്റില്‍ നിന്നും മുങ്ങി മീര മിഥുന്‍, നഷ്ടമായത് വന്‍ തുക

പലപ്രാവശ്യം വിവാദങ്ങളില്‍ പെട്ട നടായാണ് മീര മിഥുന്‍. മോഡലിങ്ങിലൂടെയും സൗന്ദര്യ മത്സരങ്ങളിലൂടെയും തിളങ്ങിയ ശേഷമാണ് മീര അഭിനയ രംഗത്ത് എത്തുന്നത്. ബിഗ്‌ബോസ് തമിഴ് പതിപ്പിലും മീര എത്തിയിരുന്നു. സംവിധായകനും നടനുമായ ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് ആരോപിച്ചണ് മീര ബിഗ്‌ബോസില്‍ വലിയ വിവാദത്തിന് തുടക്കമിട്ടത്. എന്നാല്‍ ചേരന്‍ ഇത് നിഷേധിക്കുകയും മറ്റ് മത്സരാര്‍ത്ഥികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു.

ബിഗ്‌ബോസ് ഷോയില്‍ നിന്നും പുറത്ത് എത്തിയതിന് പിന്നാലെ ഷോയുടെ അവതാരകനായ കമല്‍ ഹസനെതിരെ മീര രംഗത്തെത്തി. അഗ്നി സിറകുകള്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കി കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസന് അവസരം നല്‍കിയെന്നായിരുന്നു മീരയുടെ ആരോപണം. എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. കമല്‍ഹാസന് എതിരെ മാത്രമല്ല തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്കും ജ്യോതികയ്ക്കും വിജയ്ക്കുമെതിരെയെല്ലാം വിവാദ പ്രസ്താവനകള്‍ മീര നടത്തി.

അടുത്തിടെ മീരയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയില്‍ മോചിതയായതിന് ശേഷം മീരയ്ക്ക് ‘പേയെ കാണോം’ എന്ന സിനിമയില്‍ നായികയായി അവസരം ലഭിച്ചു. സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ഷെഡ്യൂള്‍ കൊടൈക്കനാലില്‍ നടന്ന് വരികയാണ്. എന്നാല്‍ ലൊക്കേഷനില്‍ നിന്നും മീര തന്റെ ആറ് അസിസ്റ്റന്റുകളുടെ കൂടെ കടന്നു കളഞ്ഞുവെന്നാണ് പുതിയ വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമയുടെ സംവിധായകന്‍ രംഗത്തെത്തി. സംവിധായകന്‍ സെല്‍വ അന്‍പരസനാണ് മീരയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

മീര മിഥുനൊമൊപ്പമെത്തിയ ആറ് സഹായികളെയും കാണാനില്ലെന്നും അവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് സാധനങ്ങള്‍ എടുത്തിട്ടാണ് കടന്ന് കളഞ്ഞതെന്നും സംവിധായകന്റെ പരാതിയില്‍ പറയുന്നു. ഇനി രണ്ട് ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നില്‍ക്കെയാണ് മീര സെറ്റില്‍ ആരോടും പറയാതെ മുങ്ങിയത്. മീര നിര്‍മ്മാതാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ സിനിമാ മേഖലയിലെ എല്ലാ സംഘടനകള്‍ക്കും പരാതി നല്‍കുമെന്നും അന്‍പരസന്‍ പറഞ്ഞു.