വൈദ്യുതി നിരക്ക് ഇന്ന് മുതൽ വർധിക്കും

സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ ഇന്ന് മുതൽ വർധനവ് ഉണ്ടാകും. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ ശനിയാഴ്ച ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

വരവും ചെലവും കണക്കാക്കിയുള്ള വർധന ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വലിയ വർധന ഉണ്ടാകില്ലെന്നും പരമാവധി കുറഞ്ഞ തോതിലുള്ള നിരക്ക് വർധനയാണ്ആഗ്രഹിക്കുന്നതെന്നും കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.