വയോധികയുടെ വായിൽ തുണിതിരുകി കവർച്ച, ചെറുമകളും ഭർത്താവും അറസ്റ്റിൽ

കൊല്ലം : സ്വന്തം അമ്മൂമ്മയുടെ വായിൽ തുണിതിരുകിക്കയറ്റിയശേഷം മർദിച്ച് കൈയിൽ കിടന്ന സ്വർണവളയും കമ്മലും പണവും കവർന്ന കേസിൽ ചെറുമകളും ഭർത്താവും അറസ്റ്റിൽ. ഉളിയക്കോവിൽ ജനകീയ നഗർ-40, പാർവതിമന്ദിരത്തിൽ യശോധ(80)യാണ് കവർച്ചക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ചെറുമകളും ഭർത്താവും പിടിയിലായി. ഉമയനല്ലൂർ സ്വദേശി ശരത് (28), ഇയാളുടെ ഭാര്യ പാർവതി (24) എന്നിവരാണ് പിടിയിലായത്.

നിരന്തരം പണം ആവശ്യപ്പെട്ട് വയോധികയെ ഇവർ ശല്യംചെയ്യുമായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിലെത്തിയ ശരത് വയോധികയുടെ കഴുത്തിൽ കുത്തിപ്പിടിച്ച്കമ്മലും വളയും ഊരാൻ ആവശ്യപ്പെട്ടു.തയ്യാറാകാതിരുന്ന വയോധികയുടെ വായിൽ തുണി കുത്തിക്കയറ്റിയശേഷം കമ്മലും വളയും ഊരിയെടുക്കുകയായിരുന്നു.

കൊച്ചുമകളും കാർവർച്ചയ്ക്ക് കൂട്ടുനിന്നു. അലമാരയിലുണ്ടായിരുന്ന 25,000 രൂപയും ശരത് കവർന്നു. വാളുകാട്ടി ഭീഷണിപ്പെടുത്തിശേഷം ഇരുവരും രക്ഷപ്പെട്ടു. മർദനത്തിൽ വയോധികയുടെ മൂന്നു പല്ലുകൾ നഷ്ടപ്പെടുകയും ചുണ്ടുകൾക്ക് മുറിവേൽക്കുകയും ചെയ്തു. സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികളെ കഴക്കൂട്ടം ഭാഗത്തുനിന്ന്‌ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.