ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് അമേരിക്കയില്‍ കുത്തേറ്റു, ഗുരുതരാവസ്ഥയിൽ

വാഷിങ്ടണ്‍ : അമേരിക്കയിലെ ഇന്‍ഡ്യാനയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. 24-കാരനായ വരുണിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ജോര്‍ദന്‍ അന്‍ഡ്രാഡ(24) എന്നയാളാണ് വരുണിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.

അക്രമിയെ പോലീസ് പിടികൂടി. കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. വല്‍പരൈസോ നഗരത്തിലുള്ള ജിമ്മില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചിരുന്നു.

നിലവില്‍ ഫോര്‍ട്ട് വെയിന്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വരുണിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. രക്ഷപ്പെടാനുള്ള സാധ്യത അഞ്ചുശതമാനംവരെ മാത്രമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകൾ.