ഇ കെ നായനാരെ തേടി വന്ന സന്യാസി ആ സന്യാസി സുകുമാര കുറുപ്പോ?

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടുകിട്ടിയെന്ന വാർത്ത ഇതിനോടകം പല തവണ പ്രചരിച്ചിരുന്നു. സുകുമാര കുറുപ്പെന്ന് പറഞ്ഞ് എത്രയോ പേരെ പിടിച്ചിരിക്കുന്നു. എന്നാൽ അന്നും ഇന്നും കേരള പോലീസ് ഉൾപ്പെടെ തോറ്റ് തുന്നംപാടിയത് സുകുമാര കുറുപ്പിന് മുന്നിൽ തന്നെയാണ്. പിടികിട്ടാപ്പുള്ളികളെ വരെ മിനിറ്റുകൾ വെച്ച് കണ്ടുപിടിക്കുന്ന പോലീസും ക്രൈബ്രാഞ്ചും എല്ലാം തോറ്റ് പോയത് സുകുമാര കുറുപ്പിന് മുന്നില്ലാണ്

മൂന്ന് പതിറ്റാണ്ട് മുൻപ് പ്രചരണ വേദിയിലെത്തിയ ആ കാഷായ വേഷധാരി സുകുമാര കുറുപ്പ് ആയിരുന്നോ, മൂന്ന് പതിറ്റാണ്ടിനിപ്പുറം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് അത്. 1987 തിരഞ്ഞെടുപ്പ് കാലത്ത് ഇടതിനെ നയിച്ച് നായനാർ തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്ന കാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് നായനാരെ തേടി വന്ന സന്യാസി സുകുമാരക്കുറുപ്പായിരിക്കുമോ. ഇന്നും ചുരുളഴിയാത്ത മൂന്ന് പതിറ്റാണ്ട് മുൻപ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ചൂടൻ ചർച്ചയായിരുന്ന വിഷയം ഇന്നും ദുരീകരിക്കാനായിട്ടില്ലെന്നു പ്രചാരണത്തിനു മുന്നിലുണ്ടായിരുന്നവർ.

1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇടതുമുന്നണിയെ നയിച്ച് ഇ.കെ. നായനാർ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നു മത്സരിക്കുന്നു. നായനാരുടെ സ്ഥാനാർഥിത്വത്തോടെ കടുത്ത പോരിനു വഴി തുറന്ന മണ്ഡലത്തിൽ കൊഴുപ്പിച്ച പ്രചാരണങ്ങൾ. സിപിഎം ഓഫിസ് അന്നു വെള്ളാപ്പ് റോഡ് അരികിലാണ്. എല്ലാ വൈകുന്നേരങ്ങളിലും അതതു ദിവസത്തെ വിലയിരുത്തൽ. ലോക്കൽ സെക്രട്ടറി പരേതനായ എ.ബി.ഇബ്രാഹിമും എ.കെ.ശ്രീധരനും ഉൾപ്പെടുന്ന പാർട്ടിയുടെയും മുന്നണിയുടെയും പ്രാദേശിക നേതാക്കളുമടങ്ങുന്ന യോഗം. അതിനിടയിലേക്കു കാവി വസ്ത്രം പുതച്ച ഒരു സന്യാസി കയറി വന്നു. തല മുണ്ഡനം ചെയ്ത് കാവി മുണ്ടുടുത്ത് സന്യാസി. സിപിഎം ഓഫിസിലേക്കു കയറിവന്ന സന്യാസിയെ കണ്ട് പ്രവർത്തകർ പകച്ചു.

നിശ്ശബ്ദത തകർത്ത് സന്യാസിയുടെ ചോദ്യമുയർന്നു. ഇകെ നായനാരുണ്ടോ ? എ.ബി.ഇബ്രാഹിം തിരക്കി കാര്യമെന്താ. ഏയ് ഒന്നൂല്യ….നായനാരോട് ഒരു കാര്യം പറയാനുണ്ട്. മാഷ് വീണ്ടും ചോദിച്ചു എന്താ കാര്യം. നായനാരോടു മാത്രം പറയേണ്ടുന്ന സ്വകാര്യമാണെന്നു സന്യാസി. നായനാരെ കാണണമെങ്കിൽ കരിവെള്ളൂരിൽ പോകണം. അവിടെയാണ് മണ്ഡലം കമ്മിറ്റി ഓഫിസ്. രാത്രി സഖാവ് അവിടെയുണ്ടാകും. മാഷും ഒപ്പമുണ്ടായിരുന്നവരും മറുപടി നൽകി.

കാഷായ വേഷധാരി. പ്രസന്നമായ മുഖം.. ആരായിരിക്കും ആ സന്യാസി. പിന്നീടാണ് എല്ലാവരിലും സംശയമുണർന്നത്. എന്തിനായിരിക്കും അയാൾ പാർട്ടി ഓഫിസിൽ വന്നത്. നായനാരെ കാണുന്നതെന്തിനാണ്?. തിരിച്ചു നടന്ന സന്യാസിയെ റിട്ട.പ്രധാന അധ്യാപകൻ എ.കെ.ശ്രീധരൻ പിന്തുടർന്നു. വീണ്ടും ചോദിച്ചു എന്തിനാണ് നായനാരെ കാണുന്നത് ? അത് നായനാരോടു മാത്രം പറയേണ്ടതാണെന്നു സന്യാസി ആവർത്തിച്ചു. പക്ഷേ, ശ്രീധരൻ വിട്ടില്ല. ഒടുവിൽ സന്യാസി പറഞ്ഞു. വളരെ സ്വകാര്യമാണ്. സുകുമാരക്കുറുപ്പ് എവിടെയുണ്ടെന്നു എനിക്കറിയാം.

അതു നായനാരിലൂടെ കേരളം അറിയണം…പക്ഷേ, നായനാരെ തേടി വന്ന സന്യാസി കരിവെള്ളൂരിൽ പോയില്ല, നായനാരെ കണ്ടതുമില്ല. ഇങ്ങിനെയൊരു സന്യാസിയെ മുൻപോ ശേഷമോ കണ്ടിട്ടുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ ഓർമകളിലേക്കു പോകുമ്പോൾ എ.കെ.ശ്രീധരൻ ഉൾപ്പെടുന്നവർക്ക് ഇന്നും സംശയം.. അന്നു വന്നത് സുകുമാരക്കുറുപ്പ് തന്നെയായിരിക്കുമോ?. ഇന്നും അത് ഉത്തരംകിട്ടാത്ത ചോദ്യമാണ്. സുകുമാര കുറുപ്പ് ഇന്നും പുകമറ.