ടി.പി വധക്കേസ് പ്രതികളുടെ ശിക്ഷായിളവ്’ സര്‍ക്കാര്‍ കോടതി വിധിക്കുപോലും പുല്ലുവില കല്‍പ്പിക്കുന്നു- കെ.കെ രമ

ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ടീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ. ശിക്ഷ ഇളവ് നൽകരുതെന്ന കോടതി തീരുമാനത്തിന് സർക്കാർ പുല്ലു വില കൽപ്പിക്കുകയാണെന്നും കെ.കെ രമ പറഞ്ഞു.

കൊലയാളി സംഘത്തിലെ ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം. ഇതിനായി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

‘പ്രതികൾക്ക് യാതൊരു ശിക്ഷാഇളവും നൽകരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അതിനെ മറികടന്നുകൊണ്ടാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്. നിയമപരമായി ഇതിനെതിരെ മുന്നോട്ട് പോകും. സർക്കാറിന്റേത് കോടതിയലക്ഷ്യ നടപടി കൂടിയാണ്. കോടതിവിധികൾ പോലും ഞങ്ങൾക്ക് പുല്ലുവിലയാണ് എന്നാണ് ഇതിലൂടെ സർക്കാർ പറയുന്നത്. നേരത്തെയും ടിപികേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം നടന്നിരുന്നു. വലിയ പ്രതിഷേധം ഉയർന്നതോടെയാണ് ഇതിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞത്. ഇപ്പോഴത് സർക്കാർ വീണ്ടും അതിനുള്ള പൊടിതട്ടിയെടുക്കുകയാണ്..’രമ പറഞ്ഞു.