അട്ടിമറി രുചിച്ച് ഞെട്ടിപ്പോയി ബെൽജിയം, മൊറോക്കോയുടെ രണ്ട് ​ഗോളുകളിൽ മുട്ട് കുത്തി

ദോ​ഹ.അർജന്റീനയ്ക്കും ജർമനിക്കും പിറകെ ബെൽജിയവും, ദുർബലരെന്ന് കണക്ക് കൂട്ടിയിരുന്നവരുടെ അട്ടിമറിയുടെ രുചിയറിഞ്ഞു. മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്ക് ബെൽജിയത്തെ തകർത്ത് മൊറോക്കോ കരുത്തു കാട്ടി. ഗോളില്ലാതെ കടന്നു പോയ 72 മിനിറ്റുകൾക്ക് പിറകെ ​മത്സരത്തിൽ 73ാം മിനിറ്റിൽ ആദ്യ ​ഗോളും ഇഞ്ച്വറി ടൈമിൽ രണ്ടാമത്തെ ഗോളും അടിച്ച് മൊറോക്കോ ബെൽജിയത്തെ മുട്ടുകുത്തിച്ചു.

ഗോൾ മുഖം ഒന്ന് തുറക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മൊറോക്കൻ പ്രതിരോധത്തെ തകർക്കാൻ ബെൽജിയത്തിന് സാധിച്ചില്ല. പരിക്കിന്റെ വേവലാതികളുള്ള റൊമേലു ലുകാകുവിനെ പോലും അവസാനം മാർട്ടിനെസ് കളത്തിലറക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ല എന്നതാണ് എടുത്ത് പറയേണ്ടത്.

അബ്ദേൽഹമിദി സബിരിയും സക്കരിയ അബൗഖലാലുമാണ് മൊറോക്കോ യ്ക്കായി ഗോൾ വല കുലുക്കി സന്തോഷിച്ചത്. ആദ്യ പകുതി തീരാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ തന്നെ മൊറോക്കോ വലയിലേക്ക് ഗോൾ തൊടുത്തു. എന്നാൽ ഇത് വാർ ചെക്കിൽ ഓഫ് സൈഡാണെന്ന് തെളിഞ്ഞു.

ബെൽജിയം ​ഗോൾ മുഖത്തെ മത്സരത്തിലുടനീളം വിറപ്പിക്കാൻ മൊറോക്കോ താരങ്ങൾക്ക് കഴിഞ്ഞു. സമാനമായ ആക്രമണങ്ങൾ ബെൽജിയവും നടത്തി നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. പത്ത് വീതം ശ്രമങ്ങളാണ് ഇരു ടീമുകളും നടത്തിയത്. ഓൺ ടാർ​ഗറ്റിലേക്ക് മൊറോക്കോ നാല് ശ്രമങ്ങളും ബെൽജിയം മൂന്ന് ശ്രമങ്ങളുമായിരുന്നു നടത്തിയത്. ഇതിൽ രണ്ടെണ്ണം ലക്ഷ്യത്തിലെത്തി ക്കാൻ മൊറോക്കോയ്ക്ക് നിഷ്പ്രയാസം കഴിഞ്ഞു.

73ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്കിൽ നിന്നാണ് ബെൽജിയത്തിനെ ഞെട്ടിച്ച ആദ്യ ​ഗോൾ വീഴുന്നത്. ബോക്സിന്റെ വലത് വശത്തു നിന്ന് സബിരി തൊടുത്ത ഷോട്ട് ചരിഞ്ഞ് ബോക്സിലേക്ക് കയറുമ്പോൾ ബെൽജിയത്തിന്റെ പേരുകേട്ട ​ഗോൾ കീപ്പർ തിബോട്ട് കോട്ടുവയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ കടുത്ത ആക്രമണമാണ് മൊറോക്കോ നടത്തിയത്. രണ്ടാമത്തെ ഗോൾ ഇഞ്ച്വറി സമയത്ത് വീണത് അങ്ങനെയായിരുന്നു.

ആദ്യ പകുതിയിൽ ഹക്കിം സിയെച്ചിലൂടെ ​ഗോൾ നേടാൻ മൊറോക്കോയ്ക്ക് സാധിച്ചെങ്കിലും അത് ഓഫ് സൈഡ് കെണിയിൽപ്പെടുകയായിരുന്നു. അതിന്റെ ആവർത്തനമെന്ന തരത്തിലായിരുന്നു രണ്ടാം ​ഗോൾ. അത് പക്ഷേ പിഴച്ചില്ല. സ്വന്തം ബോക്സിൽ നിന്ന് ​ഗോൾ കീപ്പർ നീട്ടിയടിച്ച പന്ത് തക്കം കാത്തു നിന്ന അബൗഖലാലിലേക്ക് കൈമാറിക്കിട്ടി. ഇത്തവണയും കോട്ടുവയെ നിഷ്പ്രഭമാക്കിയാണ് പന്ത് വലയിലേക്ക് കയറിയത്. അവസാന നിമിഷത്തിൽ പിറന്ന ഈ ​ഗോൾ ബെൽജിയത്തിനെ മുട്ടുകുത്തിക്കുന്നതായിരുന്നു. ജയത്തോടെ ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് മൊറോക്കോയ്ക്ക് കയറി. ഒപ്പം പ്രീ ക്വാർട്ടർ സാധ്യത സജീവമാക്കാനും അവർക്കായിരിക്കുകയാണ്.