മലപ്പുറം എസ്.പി പിണറായി വിജയനെ ‘അങ്കിൾ’ എന്നാണത്രെ വിളിക്കുന്നത്..! താനൂര്‍ കസ്റ്റഡിക്കൊലയില്‍ ഗുരുതര ആരോപണവുമായി എം.എസ്.എഫ്

മലപ്പുറം. താനൂരില്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില്‍ മലപ്പുറം എസ്.പി സുജിത് ദാസിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി എം.എസ്.എഫ്. ഗുരുതരമായ ആരോപണങ്ങളുയര്‍ന്നിട്ടും എസ്.പിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം കാരണമാണ് പൊലീസ് ചട്ടങ്ങളെ അട്ടിമറിച്ച് ക്രിമിനലായ എസ്.പി സ്വയം രാജാവായി വാഴുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് മലപ്പുറം എസ്.പി സുജിത് ദാസിനെ മാത്രം സ്ഥലം മാറ്റാതെ സംരക്ഷിക്കുന്നത്?-നവാസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

പി.കെ നവാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മലപ്പുറം എസ്.പിയും അദ്ദേഹത്തിന്‍റെ ‘ഡാൻസാഫ്’ എന്ന ഗുണ്ടാസംഘവും ചേർന്ന് താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അട്ടിമറിക്കുന്നതിന്‍റെ നഗ്നമായ തെളിവുകൾ കണ്‍മുന്നിലുണ്ടായിട്ടും എന്തുകൊണ്ടാണ് സർക്കാർ മൗനം പാലിക്കുന്നത്?
പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് നശിപ്പിക്കാൻ എസ്.പി നടത്തിയ ഇടപെടൽ പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ഡോക്ടർ തന്നെ തുറന്നുപറഞ്ഞിട്ടും എന്തുകൊണ്ടാണ് യാതൊരു നടപടികളുമില്ലാതെ ഈ വ്യക്തി ഇപ്പോഴും സർവീസിൽ തുടരുന്നത്?

പ്രതികളായ ഡാൻസാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ എസ്.പി വക്കീലിനെ വച്ച ശബ്ദരേഖ പുറത്തുവന്നിട്ടും എന്തുകൊണ്ടാണ് ഈ സർക്കാർ എസ്.പിയെ സംരക്ഷിച്ചുപോരുന്നത്? തന്നെ ചതിച്ച് പ്രതിയാക്കുകയാണ് എസ്.പിയെന്ന് താനൂർ പൊലീസ് എസ്.ഐ കൃഷ്ണലാൽ കൈകൂപ്പി കരഞ്ഞുപറഞ്ഞിട്ടും എന്താണ് അധികാരികൾക്ക് അനക്കമില്ലാത്തത്? മലപ്പുറം എസ്.പിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഇത്ര വലിയ ബന്ധമെന്താണ്? ഇദ്ദേഹത്തോടൊപ്പം ചാർജെടുത്ത മറ്റു ജില്ലകളിലെ എസ്.പിമാരെ സ്ഥലംമാറ്റിയ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മലപ്പുറം എസ്.പി സുജിത് ദാസിനെ മാത്രം സ്ഥലം മാറ്റാതെ സംരക്ഷിക്കുന്നത്?

മലപ്പുറം എസ്.പി പിണറായി വിജയനെ ‘അങ്കിൾ’ എന്നാണത്രെ വിളിക്കുന്നത്..! അതുകൊണ്ടാണോ പൊലീസ് നിയമചട്ടങ്ങളെ അട്ടിമറിച്ച് ഈ ക്രിമിനൽ എസ്.പി സ്വയം രാജാവായി വാഴുന്നത്? ചോദ്യം ചെയ്യുന്നവരെ വേട്ടയാടിയും സ്വന്തക്കാർക്ക് കേരളത്തെ കീറിമുറിക്കാൻ അനുമതി നൽകിയും ഈ സർക്കാർ മുന്നോട്ടുപോകുമ്പോൾ എന്തുകൊണ്ടാണ് പൊതുമനസ്സിങ്ങനെ ശബ്ദമില്ലാത്തവരായി നിൽക്കുന്നത്?
കൃത്യമായ അജണ്ടകളുള്ള, നിയമവിരുദ്ധമായ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം എസ്.പി സുജിത് ദാസിനെ ഈ കേസിന്റെ സത്യസന്ധമായ അന്വേഷണത്തിന് വേണ്ടിയെങ്കിലും മാറ്റിനിർത്താൻ കേരളത്തിന്റെ ആഭ്യന്തരം വാഴുന്ന മുഖ്യമന്ത്രിക്കാകുന്നില്ലെങ്കിൽ, അതിനുമാത്രം മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനാകാൻ ഈ എസ്‌.പിക്ക് പിന്നിൽ സർക്കാരിന്റെ മറകൾ ഇനി എന്തൊക്കെയുണ്ട്‌.

ഈ മാസം ആദ്യവാരത്തിൽ ചേർന്ന ജില്ലാ പൊലീസ് മീറ്റിംഗിൽ ‘എന്നെ പ്രതിപക്ഷത്തിന് ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ മലപ്പുറത്ത് തന്നെ കാണുമെന്ന് സുജിത്ദാസ് വെല്ലുവിളിക്കുമ്പോൾ തന്റെ മേലുദ്യോഗസ്ഥർക്കെതിരെ ചില തെളിവുകൾ കയ്യിലെ ലാപ്പ്ടോപ്പിലുണ്ട്, അതുകൊണ്ട് തന്നിലേക്ക് ഒരന്വേഷണവും വരില്ലെന്ന ധാരണയുടെ അഹങ്കാരത്തിലാണോ?

താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലയിൽ ഒളിവിൽ കഴിയുന്ന നാല് ഡാൻസാഫ്കാരെ ഇരുട്ടിൽ തപ്പുന്ന അന്വേഷണ സംഘത്തോട് ഒന്നുമാത്രമേ പറയാനുളളൂ.. ഡിവൈ.എസ്.പി ബെന്നിയുടെയും എസ്.പിയുടെയും വാട്ട്സ്ആപ്പ് കോളുകൾ പരിശോധിച്ചാൽ തീരാവുന്നതേയുള്ളൂ ഈ ഒളിച്ചുകളി. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ തുടരാം.