മകളെ ശല്യംചെയ്ത ആളുടെ മൂക്കിന്റെ പാലം തകർത്തു, അമ്മയ്‌ക്കെതിരേയും കേസ്

പത്തനംതിട്ട : ബസിനുള്ളിൽ മകളെ കടന്നുപിടിച്ച 59-കാരന്റെ മൂക്കിടിച്ച് തകർത്ത അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു. മകളെ ഉപദ്രവിക്കാൻ ശ്രമിച്ച രാധാകൃഷ്ണൻ എന്നയാളെയാണ് മകളുടെയും തന്റെയും സ്വയരക്ഷയെ കരുതി അമ്മ മർദിച്ചത്. വൈദ്യപരിശോധനയിൽ ഇയാളുടെ മൂക്കിന്റെ പാലത്തിനുണ്ടായ പൊട്ടൽ ഉള്ളതായി കണ്ടെത്തി.

ഇതോടെയാണ് ഐ.പി.സി. 325-ാം വകുപ്പ് ചുമത്തി അമ്മയുടെ പേരിൽ കേസെടുത്തത്. അടൂരിൽ പ്ലസ് ടു വിന് പടിക്കുന്ന 17 വയസുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. ബസിൽ വച്ച് പെൺകുട്ടിയെ മോശമായി സ്പർശിച്ച രാധാകൃഷ്ണൻ പിന്തുടർന്ന് ശല്യം ചെയ്തതായാണ് പരാതി. ഇയാൾ മദ്യലഹരിയിലായിരുന്നു.

വിവരമറിഞ്ഞെത്തിയ കുട്ടിയുടെ മാതാവ് ഇയാളെ ചോദ്യം ചെയ്തു. ഇതോടെ തർക്കവും കയ്യാങ്കളിയുമുണ്ടായി. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരേ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.