ചന്ദ്രയാൻ-3, ചന്ദ്രന്റെ ഉപരിതലത്തോട് മൊഡ്യൂൾ അടുപ്പിച്ചു നിർത്തുന്ന നിർണായക പ്രക്രിയ ഇന്ന്

വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചു നിർത്തുന്ന നിർണായക പ്രക്രിയയ്‌ക്ക് ഇന്ന് തുടക്കം. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാൻ വേഗം കുറയ്ക്കുന്ന ഡീബൂസ്റ്റിങിനു തയാറെടുക്കുകയാണ് ചന്ദ്രയാൻ 3. ലാൻഡറിനോടു ടാറ്റപറഞ്ഞു വേർപിരിഞ്ഞ പ്രൊപൽഷൻ മൊഡ്യൂൾ ഒരു റിലേ ഉപഗ്രഹമായി പ്രവർത്തിക്കുകയും ഭൂമിയെക്കുറിച്ചു പഠിക്കുകയും ചെയ്യും. ഓഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തും.

ഇന്നു വൈകുന്നേരം(ഓഗസ്റ്റ് 18) 4 മണിയോടെ ആയിരിക്കും പ്രവേഗം കുറയ്ക്കാനുള്ള ഡിബൂസ്റ്റിങ് ആരംഭിക്കുക. ലേസർ ഡോപ്ലർ വെലോസിറ്റി മീറ്റർ ഇതിന്റെ കൃത്യത ഉറപ്പുവരുത്തും. വേഗത കുറയ്‌ക്കുന്നതിനായി ചന്ദ്രയാൻ-3യിൽ നാല് ത്രസ്റ്റർ എഞ്ചിനുകളാണ് ഉള്ളത്. ഇതിൽ രണ്ട് ത്രസ്റ്റർ എഞ്ചിനുകൾ ഒരേ സമയം പ്രവർത്തിച്ച് വേഗത കുറയ്‌ക്കും. ലാൻഡർ ചന്ദ്രോപരിതലത്തിന് 800 മീറ്റർ ഉയരത്തിൽ ത്രസ്റ്ററുകളുടെ സഹായത്തോടെ കുറച്ചു സമയം അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കും. ഇതിന് ശേഷമാകും സെക്കൻഡിൽ 1-2 മീറ്റർ വേഗതയിൽ താഴെ ഇറങ്ങുക.

കഴിഞ്ഞ ദൗത്യത്തിൽ ഇല്ലാതിരുന്ന ലേസർ ഡോപ്ലർ വെലോസിറ്റി ഇത്തവണ ലാൻഡറിന്റെ പ്രവേശം കൃത്യമായി നിശ്ചയിക്കുന്നതായിരിക്കും. ഓഗസ്റ്റ് 23-ന് വൈകിട്ട് 5.47-ന് ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തും. ഇതിന് ശേഷം വാതിൽ തുറന്ന് ആറ് ചക്രങ്ങളുള്ള റോവർ, റാംപ് വഴി ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും. ഒരു കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാൻ റോവറിന് സാധിക്കും. ചന്ദ്രനിലെ മണ്ണിന്റെ സാംപിൾ ശേഖരിച്ച് പഠനം നടത്തുന്നത് റോവറാണ്.

ലാൻഡിങ് അല്ലെങ്കിൽ റോവർ ഇറങ്ങുന്നത് ലാൻഡിങ് സൈറ്റിലെ സൂര്യപ്രകാശത്തിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കും. ലാന്‍ഡറിന്റെ കാലാവധി ഒരു ലൂണാർ ഡേ ആയ 14 ദിവസമാണ്. ചന്ദ്രനിൽ ഒരു ഭാഗത്ത് 14 ദിവസം മാത്രമേ സൂര്യന്റെ വെളിച്ചം ലഭിക്കൂ. ലാൻഡറിന്റെ പ്രധാന ഊർജ സ്രോതസ് സോളർ പാനലുകളാണ്.

14 ദിവസമേ സൂര്യനിൽനിന്നുള്ള ഊർജം ലഭിക്കൂ. സൂര്യപ്രകാശമുള്ള 14 ദിവസം കഴിഞ്ഞാല്‍ ആവശ്യത്തിന് ഊർജം കിട്ടില്ല. സൂര്യപ്രകാശത്തിന്റെ ലഭ്യത തീരെയില്ലെങ്കിൽ അടുത്ത ലൂണാർ ദിനംവരെ കാത്തിരിക്കേണ്ടതുണ്ട്.1.4 ടൺ ഭാരമാണ് ലാൻഡറിന്. ചന്ദ്രന്റെ പ്രതലത്തിൽ 5 മുതൽ 10 മീറ്റർവരെ കനത്തിൽ പൊടിയും പാറയും നിറഞ്ഞ ആവരണമുണ്ട്.

ലാൻഡർ ഇറങ്ങുമ്പോൾ പൊടി ഉയരും. ചന്ദ്രന്റെ ഗുരുത്വബലം ഭൂമിയെ അപേക്ഷിച്ച് ആറിൽ ഒന്നാണ്. അതുകൊണ്ട് പൊടി അടങ്ങാൻ കൂടുതൽ സമയമെടുക്കും. പൊടി അടങ്ങുന്നതുവരെ കാത്തിരിക്കണം. അതിനുശേഷം റാംപ് വഴി ഇറങ്ങുന്ന റോവറിനു ചന്ദ്രോപരിതലത്തിലെ ഒരു കിലോമീറ്റർ ചുറ്റളവിൽ പര്യവേക്ഷണം നടത്താൻ കഴിയും.