മകളോട് അപമാര്യദയായി പെരുമാറി, 59കാരന്റെ മൂക്കടിച്ച് പൊട്ടിച്ച് അമ്മ

പ്ലസ്‌ടു വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികന് പെൺകുട്ടിയുടെ അമ്മയുടെ മര്‍ദനം. ബസിൽ വച്ച് 17കാരിയെ അതിക്രമിക്കുകയായിരുന്നു അടൂർ, മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്‌ണ പിള്ള (59). തുടര്‍ന്ന് ബസില്‍ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ പിന്തുടര്‍ന്ന ഇയാളെ അമ്മ ചോദ്യം ചെയ്യുകയും അത് മര്‍ദനത്തില്‍ കലാശിക്കുകയും ചെയ്‌തു.

ഇടിയില്‍ പ്രതിയുടെ മൂക്കിന്‍റെ പാലം പൊട്ടി. കടമ്പനാട് നെല്ലിമുകള്‍ ജങ്ഷനില്‍ ഇന്നലെ (ജൂൺ 20) വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം അരങ്ങേറിയത്.

സ്‌കുളില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെയാണ് പെൺകുട്ടി ദാരുണ സംഭവത്തിന് ഇരയായത്. പെൺകുട്ടി നെല്ലിമുകള്‍ ജങ്‌ഷനില്‍ ബസ് ഇറങ്ങിയപ്പോൾ രാധാകൃഷ്‌ണ പിള്ളയും ആ സ്റ്റോപ്പിൽ ഇറങ്ങി വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചു. പെണ്‍കുട്ടി മാതാവിനെ ഫോണിൽ വിളിച്ച്‌ തന്നെ വയോധികന്‍ ഉപദ്രവിച്ച വിവരം പറഞ്ഞു.

ഉടൻ അമ്മ സ്ഥലതെത്തി തൊട്ടടുത്ത കടയില്‍ നിന്ന രാധാകൃഷ്‌ണ പിളളയോട് കാര്യം ചോദിച്ചു. ചോദ്യം ചെയ്‌ത മാതാവിനെയും ഇയാൾ ഉപദ്രവിച്ചു. ഇയാളുടെ ഉപദ്രവം തടയാൻ ശ്രമിക്കുന്നതിനിടെ മൂക്കിന് ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഏനാത്ത് പൊലീസ് രാധാകൃഷ്‌ണ പിള്ളയ്ക്ക് എതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ച് ചികില്‍സ നല്‍കി. രാധാകൃഷ്‌ണ പിളളയുടെ മൂക്കിടിച്ച്‌ തകര്‍ത്ത പെൺകുട്ടിയുടെ മാതാവിനെതിരേയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.