വനംകൊള്ള: വയനാട്ടിൽ ഇന്ന് അന്വേഷണ സംഘം പരിശോധന നടത്തും; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിൽ

സംസ്ഥാനത്ത് നടന്ന വനംകൊള്ളയെക്കുറിച്ചു അന്വേഷിക്കുന്ന എഡിജിപി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തും.മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധയിടങ്ങൾ സംഘം സന്ദർശിക്കും. ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമിയിൽ നിന്നും ഈട്ടിമരം മുറിച്ചുമാറ്റിയ സ്ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിക്കും. ഭൂവുടമകളായ കർഷകരിൽ നിന്നും മരം മോഷണം പോയെന്ന പരാതി നൽകിയവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

അതേസമയം, സർക്കാർ ഉത്തരവിൻറെ മറവിൽ പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ ഉത്തരവിൻ്റെ മറവിൽ സംസ്ഥാന വ്യാപകമായി കോടികളുടെ വനം കൊള്ളയാണ് നടന്നിരിക്കുന്നതെന്നും മുറിച്ച തടികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് വാദം. സംസ്ഥാന സർക്കാർ ഏജൻസികൾ അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.