ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണം, മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

റായ്പുര്‍: ഛത്തീസ്ഗഢില്‍ നക്സൽ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തിൽ സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്‌ണു ആർ (35), ഷെെലേന്ദ്ര (29), എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം.

പട്രോളിംഗിന് ഇറങ്ങിയ സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം . ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥർ. ജ​ഗർ​ഗുണ്ടാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആക്രമണം. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു.

സ്ഫോടനത്തിന് പിന്നാലെ കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്. മൃതദേഹം വനത്തിൽ നിന്നും മാറ്റിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ പുരോ​ഗമിക്കുകയാണ്.