കേരളത്തില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത ;ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ നാളയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത. നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി, ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും.

തിങ്കളാഴ്‌ച്ച വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.

മലയോരമേഖലയില്‍ കൂടുതല്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായും ഒഴിവാക്കാന്‍ നിര്‍ദ്ദേശം ഉണ്ട്. അണക്കെട്ടുകളുടെ സമീപം താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണമെന്നും നിര്‍ദ്ദേശമുണ്ട്.