ഡ്രീം 11 ഗെയിം കളിച്ച് കോടീശ്വരനായി, പോലീസുകാരന് സസ്‌പെൻഷൻ

പൂനെ : ഓൺലൈൻ ഗെയിം കളിച്ച് കോടീശ്വരനായ പൊലീസുകാരനെ അധികൃതർ സസ്പെൻഡുചെയ്തു. വിവിധ കുറ്റമങ്ങൾ ചുമത്തിയാണ് നടപടി. ഡ്രീം 11 ഗെയിം കളിച്ച് കോടീശ്വരനായ ഉദ്യോഗസ്ഥനെതിരെ പൊലീസിന്റെ പ്രതിച്ഛായ നശിപ്പിക്കൽ, മോശം പെരുമാറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സസ്പെൻഡുചെയ്തത്. പൂനെ പൊലീസ് സബ് ഇൻസ്‌പെക്ടറായ സോംനാഥ് ഷിൻഡെക്കെതിരെ ആണ് നടപടി.

അനുമതിയില്ലാതെ ഓൺലൈൻ ഗെയിം കളിച്ചു, പൊലീസ് യൂണിഫോം ധരിച്ച് മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകി എന്നീ കുറ്റങ്ങൾ നേരത്തേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിറുത്തിയിരിക്കുകയായിരുന്നു. ഗെയിം കളിച്ച് 1.5 കോടിരൂപയാണ് ഷിൻഡെയുടെ അക്കൗണ്ടിലെത്തിയത്

അന്വേഷണത്തിന്റെ ഭാഗമായി ഷിൻഡെയ്‌ക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കും എന്നാണ് അറിയുന്നത്. ഡിസിപി സ്വപ്ന ഗോരെയ്ക്കായിരുന്നു അന്വേഷണ ചുമതല. ഫാന്റസി ഗെയിമിംഗ് ആപ്പ് എന്നാണ് ഡ്രീം 11നെ വിളിക്കുന്നത്. 7535 കോടി ആസ്തിയുള്ള കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗെയിമിംഗ് സ്റ്റാർട്ടപ്പാണ്. ഈ ഗെയിം ചൂതാട്ടമാണെന്ന് ആരോപിച്ച് നിരവധി നിയമപരമായ പ്രശ്നങ്ങൾ കമ്പനി നേരിടുന്നുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഉൾപ്പടെയുള്ള മുൻനിര താരങ്ങൾ അഭിനയിച്ച പരസ്യം കൂടി ഹിറ്റായതോടെ ഡ്രീം 11ന് ആരാധകർ ഏറെയാണ്.