സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുകയാണ്- സത്യൻ അന്തിക്കാട്

നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രങ്ങളിൽ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒന്നാണ് അപ്പുണ്ണി. സിനിമാലോകത്ത് തന്റെ രണ്ടാമത്തെ ചിത്രമായ ‘കിന്നാരം’ മുതൽ തുടങ്ങിയ ബന്ധമാണ് സത്യൻ അന്തിക്കാടും നെടുമുടി വേണുവും തമ്മിൽ. ആദ്യകാല ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് സ്ഥിരമായി ആവർത്തിച്ചിരുന്നു. സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുന്നതിന്റെ നോവ് പങ്കുവെക്കുകയാണ് സത്യൻ അന്തിക്കാട്.

കുറിപ്പിങ്ങനെ, സ്നേഹത്തിന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിയുകയാണ്.മനസ്സാകെ ഒരു ശൂന്യത നിറയുന്നു.ഇത്ര ചെറിയ കാലയളവാണോ ജീവിതം എന്ന് തോന്നിപ്പോകുന്നു..കഥകൾ കേട്ട്, കുസൃതികളിൽ രസിച്ച്, കുറുമ്പുകളിൽ ചിരിച്ച് മതിയായിട്ടില്ല. ദിവസങ്ങൾക്കു മുമ്പ്‌ വരെ കേട്ട സ്വരം കാതിൽ മായാതെ നിൽക്കുന്നു. അതിരു കാക്കാൻ ഇനി മലകളില്ല. വിട പറയാനാവുന്നില്ല വേണു..

അതേ സമയം നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് ചടങ്ങ്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിരിക്കേ ഇന്നലെ രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാടക കളരിയിൽ നിന്നാണ് നെടുമുടി സിനിമയിൽ എത്തിയത്. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ , തകര എന്നീ സിനിമകൾ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. ഇതുവരെ അഞ്ഞൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.