ലാവ്‌ലിൻ കേസ് സുപ്രീം കോടതി 35ാം തവണയും മാറ്റി, സിബിഐയുടെ അസൗകര്യത്തെ തുടർന്നാണ് കേസ് മാറ്റിയത്

ന്യൂഡല്‍ഹി. ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ഇത് 35-ാം തവണയാണ് സിബിഐ കേസ് സുപ്രീംകോടതി മാറ്റിവെച്ചത്. സിബിഐയ്ക്ക് അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെയാണ് കേസ് കോടതി മാറ്റിയത്. മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുമ്പ് സിബിഐയുടെ ആവശ്യപ്രകാരമായിരുന്നു കേസ് മാറ്റിവച്ചത്.

എസ്എന്‍സി ലാവലിന്‍ കേസില്‍ 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. കേസ് ഇതുവരെ സുപ്രീംകോടതി 34 തവണയാണ് ലിസ്റ്റ് ചെയ്തത്. 2017ലാണ് സുപ്രീംകോടതിയില്‍ കേസ് എത്തുന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ 2017ല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.